
കാസർകോട് : ക്ഷേത്രത്തിലെ പ്രസാദമായ പായസം കുടിക്കാനെത്തിയ തൊഴിലുറപ്പ് തൊഴിലാളികൾ രക്ഷിച്ചത് രണ്ട് ജീവൻ. മടിക്കൈ കക്കാട്ട് മഹാ വിഷ്ണു ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ഒപ്പം പ്രദേശവാസിയായ ചന്ദ്രശേഖരനും ചേർന്നാണ് ക്ഷേത്രക്കുളത്തിൽ മുങ്ങിത്താഴ്ന്ന അച്ഛനെയും 12 വയസുകാരിയായ മകളെയും രക്ഷിച്ചത്.
ക്ഷേത്രത്തിലെ പായസം കുടിച്ചിട്ട് പോകാമെന്നു പൂജാരി പറഞ്ഞപ്പോൾ ആ സമയത്തിന് രണ്ടു ജീവന്റെ വിലയുണ്ടെന്നു പ്രസീതയും ഇന്ദിരയും സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പായസം കുടിച്ച് സംസാരിച്ചു കൊണ്ടിരിക്കെയാണ് ക്ഷേത്രകുളത്തിൽ ഒരു പെൺകുട്ടിയും അച്ഛനും മുങ്ങിത്താഴുന്നത് കണ്ടത്. കൈയിലെ പായസം നിലത്തിട്ട് പ്രസീത കുളം ലക്ഷ്യമാക്കി ഓടി. ഈ സമയം കുളത്തിൽ മരണത്തോട് മല്ലിടുകയായിരുന്നു അച്ഛനും മകളും. പിന്നാലെ ഇന്ദിരയും ഓടി ക്ഷേത്രക്കുളത്തിലേക്ക് ഓടിയെത്തി.
ബംഗളുരുവിൽ നിന്നും ബന്ധുക്കൾക്കൊപ്പം അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു അച്ഛനും 12 വയസുകാരി മകളും. ക്ഷേത്രത്തിലേക്ക് പോകുമ്പോൾ നാട്ടിലെ കുടുംബാഗങ്ങളും ഉണ്ടായിരുന്നു. പന്ത്രണ്ടു വയസുകാരിയാണ് ആദ്യം കുളത്തിൽ ഇറങ്ങിയത്. വലിയ കുളമായതിനാൽ മുങ്ങിപ്പോയി. ഇത് കണ്ട ഉടനെ പെൺകുട്ടിയുടെ പിതാവ് വെള്ളത്തിലേക്ക് എടുത്തു ചാടി. എന്നാൽ പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. കൂടെ ഉള്ളവർക്കും കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളൂ. ഈ സമയത്താണ് രണ്ടാമത്തെ സൈറ്റിലേക്ക് പോകുന്നതിനു മുന്നേ തൊഴിലുറപ്പ് മേറ്റുമാരായ പ്രസീതയും ഇന്ദിരയും ക്ഷേത്രത്തിൽ എത്തുന്നത്. പ്രാർത്ഥന കഴിഞ്ഞപ്പോൾ പൂജാരി പായസവുമായി എത്തി.
പായസം കുടിക്കുന്നതിനു ഇതിനിടയിലാണ് പ്രസീത മുങ്ങി താഴുന്ന കുട്ടിയെ കാണുന്നത്. നീന്തൽ നന്നായി അറിയാവുന്ന പ്രസീത കുളത്തിന്റെ പടവുകളിലൂടെ വെള്ളത്തിൽ ഇറങ്ങി കുട്ടിയുടെ അടുത്തെത്തി.ആദ്യം പിടിച്ചെങ്കിലും വഴുതിപ്പോയെന്നു പ്രസീത ഓർക്കുന്നു. രണ്ടാമത്തെ പിടിയിൽ കുട്ടിയെ മാറോടു ചേർത്ത് പിടിച്ചു കരയിൽ എത്തിച്ചു. ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ലെന്നു പ്രസീത പറഞ്ഞു. ഇന്ദിരയും സഹായത്തിനു ഉണ്ടായിരുന്നു. ബഹളം കേട്ട് പ്രദേശവാസി ചന്ദ്രശേഖരനും ഓടിയെത്തി എത്തി. പെൺകുട്ടിയുടെ പിതാവിന് ഇന്ദിരയും ചന്ദ്രശേഖരനും നീട്ടിയ ഓല കച്ചിത്തുരുമ്പായി. അതിൽ പിടിച്ച് ഇദ്ദേഹവും ജീവിതത്തിലേക്കു തിരിച്ചു കയറി. രണ്ടു ജീവൻ രക്ഷിച്ചതോടെ മൂന്നുപേരും നാട്ടിലെ താരങ്ങളായി മാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam