
തിരുവനന്തപുരം: മൈക്രോ ഫിനാൻസ് അഴിമതി കേസിന്‍റെ തെളിവുകൾ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതനാന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി സമർപ്പിച്ചു. മൈക്രോ ഫിനാൻസ് സംസ്ഥാന കോഡിനേറ്റർ കെ കെ മഹേശൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച പശ്ചാത്തലത്തിലാണ് പുതിയ ഹർജി.
അന്വേഷണം ശരിയായ ദിശയിലല്ല മുന്നോട്ട് പോകുന്നതെന്ന ആശങ്ക വിഎസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മഹേശന്‍റെ അടുത്ത ബന്ധുക്കളിൽ നിന്നും, പദ്ധതി പ്രവർത്തനവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സുഭാഷ് വാസു ഉൾപ്പടെയുള്ളവരിൽ നിന്നും തെളിവ് ശേഖരിക്കണമെന്നും വിസ് ആവശ്യപ്പെടുന്നു. അന്വേഷണം കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാക്കണമെന്നും, അന്വേഷണ പുരോഗതിയുടെ തല്‍സ്ഥിതി വിവരം കോടതി മുമ്പാകെ സമര്‍പ്പിക്കപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്‍റ് ഡോ. എം എൻ സോമൻ, പിന്നോക്ക സമുദായ വികസന കോർപ്പറേഷൻ മുൻ എം ഡി ദിലീപ് കുമാർ, കെ കെ മഹേശൻ എന്നിവർ പ്രതികളായി വിജിലൻസ് കോടതിയിൽ 2016 മുതൽ കേസ് നിലവിലുണ്ട്. വി എസ് ആണ് ഈ കേസിലെ ഹർജിക്കാരൻ. വിഎസ്സിന്‍റെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടേശന്‍റെ ഹർജി തള്ളുയ ഹൈക്കോടതി, മൈക്രോഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു.
കേസില്‍ കോടതി നിര്‍ദ്ദേശിച്ച പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല, പ്രതികളില്‍ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിഎസ് വീണ്ടും ഹരജിയുമായി കോടതിയെ സമീപിച്ചത്. അഡ്വ. എസ് ചന്ദ്രശേഖരൻ നായർ ആണ് വിഎസിന്റെ അഭിഭാഷകൻ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam