മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വിജിലൻസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

Published : Jun 23, 2022, 03:53 PM ISTUpdated : Jun 23, 2022, 04:16 PM IST
മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; വിജിലൻസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി

Synopsis

വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണത്തില്‍ അതൃപ്തി അറിയിച്ച് ഹൈക്കോടതി. വിജിലൻസ് അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി അറിയിച്ചു. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. കേസ് ജൂലൈ 15ന് പരിഗണിക്കാനായി മാറ്റി.

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിജിലൻസ് ഫയൽ ചെയ്ത അന്വേഷണ പുരോഗതി റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതി കേസ് അന്വേഷണത്തിൽ അതൃപ്തി പ്രകടപ്പിച്ചത്. വി എസ്‌ അച്യുതാനന്ദന്‍റെ ഹർജിയുടെ അടിസ്ഥാനത്തിൽ 2016 ലാണ് വിജിലൻസ് മൈക്രോ ഫിനാൻസ് കേസ് ഏറ്റെടുത്തത്. പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് മൂന്ന് ശതമാനം പലിശയ്ക്ക് എടുത്ത വായ്പ കൂടിയ പലിശയ്ക്ക് എസ്എൻഡിപി സംഘങ്ങൾക്ക് മറിച്ച് നൽകി അധിക ലാഭമുണ്ടാക്കിയെന്ന പരാതിയായിരുന്നു കേസിനാധാരം.

എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്‍റ് ഡോ. എം എൻ സോമൻ, പിന്നോക്ക സമുദായ വികസന കോർപ്പറേഷൻ  മുൻ എം ഡി ദിലീപ് കുമാർ, കെ കെ മഹേശൻ തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍. അന്വേഷണത്തിൽ ആരോപണം സത്യമാണെന്ന് വിജിലൻസ് കണ്ടെത്തി. പരമാവധി അഞ്ച് ശതമാനം വരെ പലിശയ്ക്ക് പിന്നോക്ക സംഘങ്ങൾക്ക് നൽകേണ്ട വായ്പ കൊടുത്തത് 9 മുതൽ 13 ശതമാനം വരെ പലിശയ്ക്കാണ്. ഒരേ സംഘത്തിന്‍റെ പേരിൽ വിവിധ വായ്പകൾ അനുവദിച്ചു. തട്ടിപ്പുണ്ടെങ്കിലും പൂ‍ർണ തോതിൽ തെളിയിക്കുക മനുഷ്യസാധ്യമല്ലെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ പറയുന്നത്.

വായ്പ ലഭിച്ചവരിൽ 2,775 സംഘങ്ങളും 52,298 ഗുണഭോക്താക്കളുമുണ്ട്. ഇത്രയും പേരെ ചോദ്യം ചെയ്യുക അസാധ്യമെന്നാണ് വിജിലൻസ് നിലപാട്. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിലയിരുത്തൽ. വിഎസ്സിന്‍റെ കേസ് തള്ളണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടേശന്‍റെ ഹർജി തള്ളിയ ഹൈക്കോടതി, മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ച് ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവിട്ടിരുന്നു.

കേസില്‍ കോടതി നിര്‍ദ്ദേശിച്ച പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല, പ്രതികളില്‍ ഒരാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ കേസിന്‍റെ തെളിവുകൾ നശിപ്പിക്കപ്പെടുന്നത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വി എസ്‌ അച്യുതനാന്ദൻ  തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹർജി സമർപ്പിക്കുകയും ചെയ്തിരുന്നു. മൈക്രോ ഫിനാൻസ് സംസ്ഥാന കോഡിനേറ്റർ കെ കെ മഹേശൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച പശ്ചാത്തലത്തിലായിരുന്നു പുതിയ ഹർജി.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെയും അതിജീവിതയുടെ അഭിഭാഷക ടി ബി മിനിയുടെയും ഹർജികള്‍ ഇന്ന് കോടതിയില്‍
ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും