
തിരുവനന്തപുരം: ലോകമെങ്ങും വിൻഡോസ് കമ്പ്യൂട്ടറുകളെ ബാധിച്ച ആന്‍റിവൈറസ് തകരാർ പൂര്‍ണമായും പരിഹരിക്കാൻ സമയം എടുക്കുമെന്നാണ് വിലയിരുത്തല്‍. ക്രൗഡ്‌സ്ട്രൈക്ക് കമ്പനിയുടെ സുരക്ഷാ അപ്ഡേറ്റിലെ പിഴവാണ് വലിയ പ്രതിസന്ധിക്ക് വഴിവച്ചത്. പ്രശ്നം പരിഹരിച്ചെങ്കിലും മുഴുവൻ സിസ്റ്റങ്ങളുടെയും റീബൂട്ടിന് സമയമെടുക്കുമെന്ന് ക്രൗഡ്‌സ്ട്രൈക്ക് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, ലോകം മുഴുവൻ നിശ്ചലമായപ്പോഴും കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതേയില്ല. ലോകമാകെ സർക്കാർ ഓഫീസുകൾ ഉൾപ്പെടെയുള്ള ഓഫീസുകൾ നിശ്ചലമാകുകയും വിമാനങ്ങളുൾപ്പെടെ റദ്ദ് ചെയ്യുകയും ചെയ്ത പ്രശ്നം പക്ഷേ കേരളത്തിലെ പൊതുമേഖലയെ ബാധിച്ചില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വേർ ആയ ഉബുണ്ടു ആണ് കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടറുകളെ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നതുകൊണ്ടാണ് ലോകമാകെ വലിയ നഷ്ടം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്‍റെ തകരാർ കേരളത്തെ ബാധിക്കാതിരുന്നത്.
കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന കംപ്യൂട്ടറുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നവയാണ്. 2006ൽ അധികാരത്തിലേറിയ ഇടതുപക്ഷ സർക്കാർ കേരളത്തിൽ 2007ൽ കൊണ്ടുവന്ന ഐടി നയമാണ് ഈ മാറ്റത്തിന് ശക്തമായ അടിത്തറ പാകിയതെന്ന് മന്ത്രി പറഞ്ഞു.
2008ലെ എസ് എസ് എൽ സി ഐടി പ്രാക്റ്റിക്കൽ പരീക്ഷ നമ്മൾ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നടത്തിയത് വലിയ മുന്നേറ്റത്തിന്‍റെ ആദ്യപടിയായി മാറി. ആ സർക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ മൂന്ന് വർഷത്തെ കർമ്മ പദ്ധതിയിലൂടെ ഘട്ടം ഘട്ടമായി സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കൊണ്ടുവന്ന മാറ്റമാണ് ഇപ്പോൾ നമുക്ക് കൈത്താങ്ങായി മാറിയത്.
ഒപ്പം ഈ മാറ്റത്തിലൂടെ വലിയ ലാഭവും കേരളത്തിനുണ്ടായിട്ടുണ്ട്. ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകാൻ പാടില്ലെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ പ്രോത്സാഹിപ്പിക്കുന്നതിൽ നിന്ന് കെ ഫോൺ വരെയെത്തി നിൽക്കുന്നു. കേരളത്തിന് എപ്പോഴും രാജ്യത്തിന് ഒരുമുഴം മുന്നിലാണ് സഞ്ചരിക്കുന്നതെന്നെന്ന് അഭിമാനത്തോടെ പറയാമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam