Honor Attack| പള്ളിയിലെ രീതിയിൽ വിവാഹത്തിന് നിർബന്ധിച്ചു; മതംമാറില്ലെന്ന് പറഞ്ഞതോടെ ക്രൂര മര്‍ദ്ദനം: മിഥുൻ

By Web TeamFirst Published Nov 7, 2021, 6:53 PM IST
Highlights

ള്ളിയിലെ രീതിയിൽ വിവാഹം കഴിക്കാൻ ഡോ. ഡാനിഷ് നിർബന്ധിച്ചു. മതംമാറാൻ പറ്റില്ലെന്നും പറഞ്ഞതോടെയാണ് ക്രൂരമായ മർദനം ഉണ്ടായതെന്ന് മിഥുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: സമ്മതത്തോടെ വിവാഹം കഴിപ്പിക്കാം എന്ന് പറഞ്ഞാണ് പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്ന് ചിറയിൻകീഴ് ദുരഭിമാന മർദനമേറ്റ (Honor Attack) മിഥുൻ. പള്ളിയിലെ രീതിയിൽ വിവാഹം കഴിക്കാൻ ഡോ. ഡാനിഷ് നിർബന്ധിച്ചു. അത് നടക്കില്ലെന്നും മതംമാറാൻ പറ്റില്ലെന്നും പറഞ്ഞതോടെയാണ് ക്രൂരമായ മർദനം ഉണ്ടായതെന്ന് മിഥുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വീട്ടിലേക്ക് വന്ന് അമ്മയോട് സംസാരിച്ച് കൊണ്ടിരിക്കേയാണ് മർദനം തുടങ്ങിയത്. മർദ്ദനത്തെ തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായി. ബോധവും നഷ്ടപ്പെട്ടുവെന്ന് മിഥുൻ പറയുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി മിഥുൻ ചിറയിൻകീഴ് ആശുപത്രിയിൽ ചികിൽസ തുടരുകയാണ്. ഇപ്പോഴും വേദന മാറിയിട്ടില്ലെന്നും മിഥുൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭാര്യ ദീപ്തിയുടെ സഹോദരൻ ഡോക്ടർ ഡാനിഷാണ് മിഥുനെ ഭീകരമായി മർദ്ദിച്ചത്. ഡാനിഷ് ഇപ്പോൾ റിമാൻഡിലാണ്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമായ മിഥുൻ ദീപ്തിയെ പ്രണയിച്ച് വിവാഹം കഴിച്ചു. ഒക്ടോബർ 31 ന് ബോണക്കാട് വെച്ചായിരുന്നു മിഥുനിന്‍റെയും ദീപ്തിയുടെയും വിവാഹം. മറ്റൊരു മതത്തിൽപ്പെട്ട മിഥുനുമായുള്ള ദീപ്തിയുടെ വിവാഹത്തെ സഹോദരൻ ഡാനിഷ് എതിർത്തിരുന്നു. തന്ത്രപൂർവ്വം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മിഥുനിനെ നടുറോഡിലിട്ട് ഡോ.ഡാനിഷ് തല്ലി ചതക്കുകയായിരുന്നു. പള്ളിയില്‍ നിന്ന് വിവാഹം കഴിക്കുന്നത് സംബന്ധിച്ച് സംസാരിക്കാനായി വരണമെന്ന് പറഞ്ഞാണ് ഡാനിഷ് സഹോദരിയെയും ഭർത്താവിനെയും വിളിച്ചു വരുത്തിയത്. മതം മാറണമെന്നുമായിരുന്നു ആവശ്യം ഇത് എതിര്‍ത്തതോടെ വീട്ടിലെത്തി അമ്മയെ കണ്ട് പോകാന്‍ ഡാനിഷ് ഇരുവരോടും ആവശ്യപ്പെട്ടു. പിന്നീടായിരുന്നു മർദ്ദനം. 

ഒക്ടോബര്‍ 31ന് തന്നെ ദീപ്തി ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. പരാതി എഴുതി നൽകിയില്ലെന്ന സാങ്കേതികത്വത്തിലാണ് പൊലീസ് പിടിച്ചു തൂങ്ങുന്നത്. മർദ്ദനത്തിൽ പുറമേയ്ക്ക് കാണാവുന്ന മുറിവുകൾ മിഥുനുണ്ടായിരുന്നില്ല. ഇത് കൊണ്ട് കാര്യമായ പരിക്കില്ലെന്ന് ഉദ്യോഗസ്ഥർ അനുമാനിക്കുകയും ചെയ്തു. വടി കൊണ്ട് തലയ്ക്കേറ്റ അടിയില്‍ മിഥുന്‍റെ പരിക്ക് ഗുരുതരമാണ്.

സംഭവം വിവാദമായതിന് പിന്നാലെ ഡാനിഷ് ഒളിവിൽ പോവുകയും ചെയ്തു. ഇന്നലെ ഊട്ടിയിലെ ഒരു റിസോർട്ടിൽ നിന്നുമാണ് ഡാനിഷിനെ തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. എറണാകുളത്തെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറാണ് ഡാനിഷ്. എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടസ്സൽ നിയമനം, വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡാനിഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

click me!