
കോഴിക്കോട്: തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് വിവാഹിതനായി. മുക്കം സ്വദേശി അനുഷയാണ് വധു. എസ്എഫ്ഐ പ്രവർത്തകരായിരുന്ന ഇരുവരുടെയും നാല് വർഷം നീണ്ട പ്രണയമാണ് ഇന്ന് വിവാഹത്തിലെത്തിയത്. മുക്കത്തെ സ്വകാര്യ ഓഡിറ്റോറിയത്തില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. മതപരമായ ആചാരങ്ങളൊന്നുമില്ലാതെ തിരുമ്പാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. ലിന്‍റോ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരിക്കെ ഏരിയാ കമ്മിറ്റി അംഗമായിരുന്നു അനുഷ.
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെയാണ് ലിന്‍റോ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചത്. 2019 ലെ പ്രളയകാലത്തെ രക്ഷാപ്രവർത്തനത്തിനിടയില്‍ സംഭവിച്ച റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലിന്‍റോയുടെ കാലിന് ഇപ്പോഴും ചികിത്സ തുടരുകയാണ്.
പ്രളയകാലത്ത് കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലേക്കെത്തിക്കുന്നതിനിടെയുണ്ടായ വാഹന അപകടമായിരുന്നു ലിന്റോ ജോസഫിനെ ഊന്നുവടിയിലാക്കിയത്. പെട്ടെന്ന് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ ആംബുലന്‍സ് ഓടിച്ച് ആശുപത്രിയിലേക്ക് പോവുന്നതിനിടെയുണ്ടായ അപകടം ലിന്റോയുടെ കാലിന് സ്വാധീനമില്ലാതാക്കുകയായിരുന്നു. ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയതാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിക്ക് പ്രചോദനമായത്. അത് വോട്ടർ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തു.
തിരുവമ്പാടി എംഎല്‍എയും ഡി വൈ എഫ് ഐ ബ്ലോക്ക് ട്രഷറര്‍ കൂടിയായ ലിന്റോ കൂടരഞ്ഞിയിലെ പാലക്കല്‍ ജോസഫിന്റേയും അന്നമ്മയുടേയും മകനാണ്. മുക്കം കച്ചേരി കുടുക്കേങ്ങല്‍ രാജന്റേയും ലതയുടേയും മകളാണ് വധു അനുഷ. മുക്കം കാര്‍ത്തിക കല്ല്യാണ മണ്ഡപത്തില്‍ നടന്ന സുഹൃത് സത്കാരത്തില്‍ സാമൂഹിക രാഷ്ട്രീയ രംഗത്തെ വിവിധ നേതാക്കള്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam