'ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‌‍ ജോലിയില്ല'; കേരളത്തില്‍ സ്ത്രീ അതിഥി തൊഴിലാളികൾ നേരിടുന്നത് തൊഴില്‍ ചൂഷണം

By Web TeamFirst Published Nov 18, 2022, 9:18 AM IST
Highlights

ഗാർഹിക തൊഴിൽ മുതൽ കെട്ടിടനിർമ്മാണം വരെ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ഇതരസംസ്ഥാന സ്ത്രീകളാണ് കേരളത്തിലുള്ളത്. ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളാണ് ഈ സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നത്.

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുടെ അധ്വാനം ഇല്ലാതെ മുന്നോട്ട് പോകില്ലെന്ന സ്ഥിതിയാണ് നിലവില്‍ കേരളത്തിലുള്ളത്. എന്നിട്ടും തൊഴില്‍ തേടി കേരളത്തില്‍ എത്തുന്നവരോട് നമ്മൾ എന്താണ് ചെയ്യുന്നത്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.  ഗാർഹിക തൊഴിൽ മുതൽ കെട്ടിടനിർമ്മാണം വരെ അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന ആയിരക്കണക്കിന് ഇതരസംസ്ഥാന സ്ത്രീകളാണ് കേരളത്തിലുള്ളത്. ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളാണ് ഈ സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടേണ്ടി വരുന്നത്.

പ്ലൈവുഡ് കമ്പനിയിലെ സൂപ്പർവൈസറുടെ മോശം താത്പര്യങ്ങൾക്ക് വഴങ്ങാത്തതിനാൽ ജോലി നഷ്ടമായെന്ന് പശ്ചിമ ബംഗാൾ സ്വദേശിയായ യുവതി ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വെളിപ്പെടുത്തി. കൊച്ചിയിൽ ഫ്ലാറ്റിലെ തൊഴിൽ പീഡനത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ മരിച്ച തമിഴ്നാട് സ്വദേശി രാജകുമാരിയുടെ കുടുംബത്തിനും നീതി ഇനിയും ലഭിച്ചിട്ടില്ല. വീട്ടില്‍ പോകണമെന്ന തൊഴിലുടമയോട് ആവശ്യപ്പെട്ടതാണ് കുമാരിയുടെ ജീവന്‍ നഷ്ടമാകാന്‍ കാരണമായത്. കുമാരിയുടെ മരണത്തില്‍ കേസ് നടക്കുന്നുണ്ടെന്നും എന്നാല്‍  6 മാസമായി എന്ത് സംഭവിക്കുന്നു എന്ന് അറിയില്ലെന്നുമാണ് ഭര്‍ത്താവായ ശ്രീനിവാസൻ പറയുന്നത്.

സേലം പെന്നാടം സ്വദേശിയായ രാജകുമാരിക്ക് എണ്ണായിരം രൂപ മാസം ശമ്പളമാണ് വാഗ്ദാനം ചെയ്തത്. നാട്ടിൽ ആ തുക സ്വപ്നം കാണാൻ കുമാരിക്ക് വഴിയില്ല. കാഴ്ചപരിമിതനായ ഭർത്താവ് ശ്രീനിവാസനെയും മൂന്ന് മക്കളെയും നാട്ടിലാക്കി 500 കിലോമീറ്റർ ദൂരെയുള്ള കുമാരി കൊച്ചിയിലെത്തിയത് അടച്ചുറപ്പുള്ള ഒരു വീടിനുള്ള പണം സ്വരുക്കൂട്ടാനായിരുന്നു.  എന്നാല്‍ കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിയത് മുതൽ തുടങ്ങി കൊടിയ തൊഴിൽ ചൂഷണമാണ് കുമാരി നേരിട്ടത്. അടിമയെ പോലെ എല്ലുമുറിയെ പണി. വിശ്രമമില്ല. നാട്ടിലേക്ക് പോകാനും അനുവാദമില്ലാത്ത സ്ഥിതി. 

2020 ഡിസംബർ 13 ന് എല്ലാ വഴികളും അടഞ്ഞതോടെയാണ് ഈ ഫ്ലാറ്റിലെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് മൂന്ന് സാരി കൂട്ടിക്കെട്ടിയ നിസാരബലത്തിൽ കുമാരി നിലത്തേക്ക് ഊർന്നിറങ്ങിയത്. പക്ഷേ ആ അവസാന കച്ചിത്തുരുമ്പ് കുമാരിയുടെ ജീവനെടുത്തു. നിലത്ത് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ കുമാരി 2 ദിവസത്തിന് ശേഷം  42 ആം വയസ്സിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചു. തൊഴിലുടമ അഡ്വ.ഇംതിയാസ് അഹമ്മദ് ഒളിവിൽ പോയി. ഇയാള്‍ക്കെതിരെ പ്രതിഷേധം ശക്തമായി. മനുഷ്യക്കടത്ത് ഉൾപ്പടെ പൊലീസ് ചുമത്തിയെങ്കിലും അറസ്റ്റുണ്ടായില്ല. പ്രതിക്ക് മുൻകൂർജാമ്യവും കിട്ടി. രണ്ട് വർഷമാകുമ്പോൾ കേസിൽ വിചാരണ പോലും തുടങ്ങിയിട്ടില്ല. കൊച്ചിയിലെത്തി കേസ് നടത്താനുള്ള ശേഷിയില്ല കുമാരിയുടെ കുടുംബത്തിനും.

ഇതരസംസ്ഥാന സ്ത്രീ തൊഴിലാളികള്‍ക്ക് ലൈംഗിക ചൂഷണവും നേരിടേണ്ടി വരാറുണ്ട്. തൊഴിലുടമയുടേയും കോണ്‍ട്രാക്ടര്‍മാരുടേയുമെല്ലാം താൽപര്യത്തിന് വഴങ്ങിയില്ലെങ്കിൽ ജോലിയിൽ നിന്ന് പറഞ്ഞുവിടുമെന്നതാണ് നിലവിലെ സ്ഥിതി. ചെറുപ്പമായ സ്ത്രീകളെയാണ് ജോലിക്കെടുക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. പ്രായമായാല്‍ കോൺട്രാക്ടർമാർ പറഞ്ഞ് വിടും. കെട്ടിട നിര്‍മ്മാണ മേഖലയില്‍ ലൈംഗിക ചൂഷണം പതിവാണെന്ന് തുറന്നു പറയുന്നു ഇതര സംസ്ഥാന വനിതാ തൊഴിലാളിയായ പിയാറുള്‍. കെട്ടിട നിര്‍മ്മാണം മതില്‍പ്പൊക്കമായാല്‍ സ്ത്രീകളെ ലൈംഗികവൃത്തിക്ക് നിർബന്ധിക്കും. സഹകരിച്ചില്ലെങ്കിൽ പറഞ്ഞ് വിടുമെന്ന് ഭീഷണിപ്പെടുത്തും. പലരും തൊഴില്‍ നഷ്ടമാകുമെന്ന ഭീതിയിലാണുള്ളതെന്നും പിയാറുള്‍ പറയുന്നു. 

താമസ സ്ഥലം കണ്ടെത്തുന്നത് മുതൽ തൊഴിൽ സ്ഥിരത വരെ എവിടെ ആയാലും ഇതരസംസ്ഥാന സ്ത്രീകൾക്ക് രക്ഷയില്ല. സൂപ്പർവൈസറുടെ മോശം സംസാരത്തിന് തടയിട്ടതിനാണ്  ബംഗാളി സ്ത്രീയ്ക്ക് ആദ്യ ദിവസം തന്നെ ജോലി നഷ്ടമാകാന്‍ കാരണമായത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.ഇതരസംസ്ഥാന സ്ത്രീകൾക്ക് തൊഴിൽ വേണമെങ്കിൽ ചില ആവശ്യങ്ങൾക്ക് നിശബ്ദരാകണം. ഇല്ലെങ്കിൽ കൂലി വെട്ടിക്കുറയ്ക്കും, കുറ്റവും കുറവും കണ്ടെത്തി പതിയെ ജോലിയിൽ നിന്നും പുറത്താക്കുന്നതാണ് കേരളത്തിലെ രീതിയെന്ന് ഇവര്‍ പറയുന്നു. ആഭ്യന്തര പരാതി പരിഹാര സെല്ലെന്നോ, വനിത കമ്മീഷനെന്നോ കേട്ടിട്ട് പോലുമില്ലാത്ത, ജനിച്ചത് മുതൽ നിതീനിഷേധങ്ങൾ മാത്രം അനുഭവിച്ച സ്ത്രീകളാണ് കേരളത്തിലെത്തുന്ന ഇതര സംസ്ഥാന വനിതാ തൊഴിലാളികളില്‍ ഏറിയ പങ്കും. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന സർക്കാർ സംവിധാനങ്ങൾ രാജ്യത്ത് അദ്ധ്വാനിച്ച് ജീവിക്കാനുള്ള ഇവരുടെ അവകാശമാണ് ഇല്ലാതാകുന്നത്.

click me!