
കൊച്ചി: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിനിടയിൽ രജിസ്റ്റർ ചെയ്യാതെ അതിഥി തൊഴിലാളികൾ എത്തുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുന്നു. ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ എത്തുന്ന അതിഥി തൊഴിലാളികളെ കണ്ടെത്തുന്നതാണ് വെല്ലുവിളിയാകുന്നത്.
ലോക്ഡൗണിൽ നിർത്തിവെച്ചിരുന്ന കെട്ടിടനിർമ്മാണവും മറ്റ് ജോലികളും വീണ്ടും തുടങ്ങിയതോടെ ദിവസവേതനക്കാർക്ക് തൊഴിൽസാധ്യത കൂടി. ഇതോടെ നാടുകളിലേക്ക് തിരിച്ച് പോയ അതിഥി തൊഴിലാളികൾ മടങ്ങി വരാൻ തുടങ്ങി. ഭൂരിഭാഗം പേരും ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്താണ് മടങ്ങിവരുന്നത്.
എന്നാൽ രജിസ്റ്റർ ചെയ്യാതെ എത്തുന്ന ചിലരാണ് ആശങ്ക സൃഷ്ടിക്കുന്നത്. സർക്കാർ അനുമതി വേണമെന്ന ധാരണയില്ലാത്ത തൊഴിലാളികളിൽ ചിലർ ചരക്ക് ലോറികളും മറ്റും കയറി സംസ്ഥാനത്തേക്കെത്തുന്നു. ഇവരെ പരിശോധിക്കാൻ കൃത്യമായ സംവിധാനമില്ലാത്താണ് മറ്റൊരു വെല്ലുവിളി.
ആലുവയിലെ കടുങ്ങല്ലൂരിൽ കഴിഞ്ഞ ദിവസം അതിഥി തൊഴിലാളിയായ യുവതി ദില്ലിയിൽ നിന്നെത്തിയത് ആരോഗ്യ പ്രവർത്തകർ അറിഞ്ഞില്ല. നാട്ടുകാർ പരാതിപ്പെട്ടതോടെയാണ് ഇവർ സംഭവം അറിയുന്നത്. തൊഴിലാളികളെ എത്തിക്കുന്ന കരാറുകാർ തന്നെ ഇവരുടെ ക്വാറന്‍റീൻ ഉറപ്പാക്കണമെന്നാണ് നിബന്ധന. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള ചെലവ് വഹിക്കാൻ ചില കരാറുകാർ തയ്യാറാകാത്തതാണ് പ്രശ്നം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam