കൊച്ചി കോര്‍പറേഷന്‍ മേയറെ തീരുമാനിക്കാനുളള കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയറെ തീരുമാനിക്കാനുളള കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് മേയറാകാനാണ് സാധ്യത. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ കൂടി സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തിന്‍റെ തീരുമാനം നിര്‍ണായകമാകും. ലത്തീന്‍ വിഭാഗത്തില്‍ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തിയിട്ടുണ്ട്. വരാപ്പുഴ അതിരൂപതയുടെ അല്‍മായ സംഘടനയും ഈ ആവശ്യം ഉന്നയിച്ചിരുന്നു. 

എന്നാല്‍, വ്യക്തമായ ഭൂരിപക്ഷമുളള സാഹചര്യത്തില്‍ സാമുദായിക സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങരുതെന്ന അഭിപ്രായവും പാര്‍ട്ടിയില്‍ ശക്തമാണ്. ദീപ്തിയും ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് ജയിച്ച കൗണ്‍സിലര്‍ ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം മേയര്‍ സ്ഥാനം പങ്കിടുമെന്ന പ്രചരണങ്ങളുണ്ടെങ്കിലും ഇത്തരം കൂടിയാലോചനകള്‍ നടന്നിട്ടില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. പാലാരിവട്ടം ഡിവിഷനില്‍ നിന്ന് ജയിച്ച മഹിളാ കോണ്‍ഗ്രസ് നേതാവ് വി.കെ. മിനിമോളാണ് പരിഗണനാ പട്ടികയിലുളള മൂന്നാമത്തെയാള്‍.