
ആലുവ: കൊച്ചിയില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്രയ്ക്കായി റെയില്‍വേ ഈടാക്കിയത് 32 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്. ഓരോ ടിക്കറ്റിനും ഏറ്റവും കുറഞ്ഞത് 530 രൂപയാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ടിക്കറ്റിനായി നല്‍കേണ്ടി വന്നതെന്നാണ് എറണാകുളം ജില്ലാ ഭരണകൂടം വിശദമാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അണ്‍ റിസര്‍വ്വ് ടിക്കറ്റിന്‍റെ തുകയാണ് ഇവരില്‍ നിന്ന് ഈടാക്കിയതെന്നാണ് വിവരം. ഒഡീഷ, ബിഹാര്‍ എന്നിവിടങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം കുടിയേറ്റ തൊഴിലാളികള്‍ സ്പെഷ്യല്‍ ട്രെയിനുകളില്‍ തിരിച്ച് പോയത്.
5592 കുടിയേറ്റ തൊഴിലാളികളാണ് ഇതിനോടകം തിരിച്ച് പോയിട്ടുള്ളത്. ഇവരില്‍ നിന്ന് ഈടാക്കിയ തുക റെയില്‍വേയ്ക്ക് കൈമാറിയെന്ന് എറണാകുളം ജില്ലാ ഭരണകൂടം വിശദമാക്കിയതായാണ് റിപ്പോര്‍ട്ട്. ഇവരെ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു തുകയും ഈടാക്കുന്നില്ല. മാത്രമല്ല ഇവര്‍ക്ക് മരുന്ന്, ഭക്ഷണം, വെള്ളം എന്നിവ സൌജന്യമായി നല്‍കിയാണ് യാത്രയാക്കുന്നതെന്ന് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വിശദമാക്കുന്നു.
ആലുവയില്‍ നിന്ന് ഭുവനേശ്വര്‍, ഖുര്‍ദ എന്നീ സ്റ്റേഷന്‍ വരെ 530 രൂപയാണ് ടിക്കറ്റ് ചാര്‍ജ് ഈടാക്കുന്നത്. ഇതുവരെ 2251 പേരാണ് ഒഡിഷയിലെ ഭുവനേശ്വറിലേക്ക് പോയിരിക്കുന്നത്. എറണാകുളത്ത് നിന്ന് ധന്‍പൂറിലേക്ക് 570രൂപയാണ് ഈടാക്കുന്നത്. 1140 പേരാണ് ധന്‍പൂറിലേക്ക് മടങ്ങിയത്. ബിഹാറിലെ ബറൌണിയിലേക്ക് 1140 ഉം, മുസാഫര്‍പൂറിലേക്ക് 1061 പേരുമാണ് മടങ്ങിയിട്ടുള്ളത്. ഇവര്‍ക്ക് ടിക്കറ്റിന് യഥാക്രമം 640, 630 രൂപയാണ് ചെലവായിട്ടുള്ളതെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam