
അമ്പലപ്പുഴ: ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചിട്ടും സ്കൂളുകളോടുള്ള അധികൃതരുടെ അനാസ്ഥയ്ക്ക് അവസാനമാകുന്നില്ല. അമ്പലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂള്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ വീടാക്കി മാറ്റിയിരിക്കുകയാണ് കരാറുകാരന്‍. സ്കൂളിലെ പുതിയ കെട്ടിടനിർമ്മാണത്തിനെത്തിയ 18 ഓളം ഇതര സംസ്ഥാന തൊഴിലാളികളെയാണ് കരാറുകാരന്‍ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.
അമ്പലപ്പുഴ ഗവ. മോഡൽ ഹൈസ്ക്കൂൾ കെട്ടിടത്തിലെ ക്ലാസ് മുറികളിലാണ് ബംഗാൾ സ്വദേശികളായ 18 ഓളം പേർ താമസിക്കുന്നത്. സ്കൂളിന്‍റെ പുതിയ കെട്ടിടനിർമ്മാണ കരാറുകാരന്‍റെ തൊഴിലാളികളാണിവർ. ഇവരുടെ ഊണും ഉറക്കവുമെല്ലാം ക്ലാസിനോട് ചേർന്നുള്ള മുറിയിൽ തന്നെ. രാവിലെ സ്കൂൾ സമയങ്ങളിലാണ് പലപ്പോഴും തൊഴിലാളികൾ അടിവസ്ത്രം മാത്രമിട്ടുള്ള കുളി നടത്താറുള്ളതും.
കുട്ടികൾ ഉച്ചഭക്ഷണം കഴിച്ചാൽ പാത്രം കഴുകാൻ പോലും ബുദ്ധിമുട്ടുള്ള സ്കൂളിലാണ് അധികൃതര്‍ ഇതരസംസ്ഥാന തൊഴിലാളികൾക്ക് കുളിക്കാനും, വസ്ത്രം വൃത്തിയാക്കാനുമെല്ലാം അനുമതി നല്‍കിയിരിക്കുന്നത്. കഴുകിയ വസ്ത്രങ്ങൾ സ്കൂൾ കാമ്പസിലാണ് തൊഴിലാളികൾ വിരിച്ചിടുന്നത്. സ്കൂൾ കാമ്പസിൽ പ്രവേശിക്കാൻ രക്ഷിതാക്കൾക്ക് പോലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നിടത്ത് ഇതരസംസ്ഥാന തൊഴിലാളികൾക്ക് പ്രവേശിക്കാൻ യാതൊരു തടസവുമില്ല.
പുകയില ഉത്പ്പന്നങ്ങൾ സ്കൂൾ പരിസരങ്ങളിൽ വിൽക്കാൻ നിയന്ത്രണം ഉള്ളപ്പോള്‍ ഇവര്‍ക്ക് സ്കൂൾ കാമ്പസിനുള്ളിൽ ലഹരിവസ്തുകള്‍ ഉപയോഗിക്കുന്നതിൽ യാതൊരു നിയന്ത്രണവുമില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തൊഴിലാളികൾക്കായി പ്രത്യേക മുറികൾ നൽകിയിട്ടുണ്ടെങ്കിലും മറ്റ് ക്ലാസ് മുറികളും ഉപയോഗിക്കുന്നതിൽ തടസമില്ല. പഠനസമയം കഴിഞ്ഞാൽ വാതിലുകളും മുറികളും അടച്ച് സുരക്ഷിതമാക്കണമെന്നതും ഇവിടെ പാലിക്കപ്പെടാറില്ല. സ്കൂളിലെ പല മുറികളും തൊഴിലാളികൾക്ക് രാത്രികാലങ്ങളിലും അവധി സമയങ്ങളിലും ഉപയോഗിക്കാനായി അധികൃതര്‍ പൂട്ടാറില്ല.
ക്ലാസ് മുറികളിലെ ഫാൻ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. വൈദ്യുതി ബോർഡിന്‍റെ അനുമതിയോടെ വേണം നിർമ്മാണ പ്രവർത്തനങ്ങൾക്കും മറ്റും വൈദ്യുതി ഉപയോഗിക്കാൻ. എന്നാൽ സ്കൂളിലെ നിർമ്മാണ പ്രവർത്തനങ്ങൾക്കും ലൈറ്റ് പ്രവർത്തിപ്പിക്കുന്നതിനും അനുമതിയില്ലെന്നാണ് വ്യക്തമാകുന്നത്. തൊഴിലാളികൾ താമസിക്കുന്നിടം മലിനജലം ഒഴുക്കി പരിസരങ്ങളിൽ വൃത്തിഹീനമാക്കാറുണ്ടെങ്കിലും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കിയിട്ടില്ല.
കഴിഞ്ഞ ദിവസം സ്കൂളിലെ ഒരു വിദ്യാർത്ഥി കാണാതായതടക്കമുള്ള സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്തുനിന്നാണ് ഈ കുട്ടിയെ പിന്നീട് കണ്ടെത്തിയത്. അതേസമയം സ്കൂളിനകത്ത് തൊഴിലാളികൾക്ക് താമസിക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് ജില്ലാ ഡപൂട്ടി ഡയറക്ടര്‍ പറയുന്നത്. എന്തായാലും ഇതര സംസ്ഥാന തൊഴിലാളികളുടെ വീടായി ഈ സ്കൂള്‍ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam