മില്‍മ പ്രതിസന്ധി അയയുന്നു; രണ്ട് ലോഡ് പാല്‍ തമിഴ്നാട്ടിലേക്ക്, നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

By Web TeamFirst Published Apr 2, 2020, 5:18 PM IST
Highlights

ഇന്ന് 70 ശതമാനം പാല്‍ സംഭരിക്കുന്നതിനുള്ള ക്രമീകരണമാണ് സംഘങ്ങള്‍ നടത്തിയിരുന്നതെന്നും നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മുഴുവന്‍ പാലും സംഭരിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.

കോഴിക്കോട്: നാളെ മുതൽ ക്ഷീരകർഷകരിൽ നിന്ന് മുഴുവൻ പാലും സംഭരിക്കുമെന്ന് മിൽമ മലബാർ മേഖല യൂണിയൻ. സർക്കാര്‍ ഇടപെടലിന് പിന്നാലെ മില്‍മ മലബാര്‍ മേഖല യൂണിയന്‍ ഇന്ന് രണ്ട് ലോഡ് പാല്‍ തമിഴ്നാട്ടിലേക്ക് അയച്ചു. പാല്‍പ്പൊടി നിര്‍മാണത്തിനായി ഈറോഡിലേക്കാണ് പാല്‍ അയച്ചത്. അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ ധാരണയായിട്ടും പകുതി പാല്‍ മാത്രമാണ് ഇന്ന് സംഭരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. ഇതിന് പിന്നാലെയാണ് നാളെ മുതൽ മുഴുവൻ പാലും സംഭരിക്കുന്ന് യൂണിയൻ അറിയിച്ചത്.

കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മലബാര്‍ മേഖലയില്‍ പാല്‍ സംഭരണത്തില്‍ രൂപപ്പെട്ട പ്രതിസന്ധി അയയുകയാണ്. പാല്‍പ്പൊടി നിര്‍മാണത്തിനായി 50000 ലീറ്റര്‍ പാല്‍ നിത്യേനെ ഈറോഡിലേക്ക് അയക്കാനും ബാക്കി വരുന്ന പാലും പാലുല്‍പ്പന്നങ്ങളും കണ്‍സ്യൂമര്‍ഫെഡ് വഴിയും അങ്കണ്‍വാടികള്‍ വഴിയും വിതരണം ചെയ്യാനുമാണ് സര്‍ക്കാര്‍ തീരുമാനം. അഥിതി തൊഴിലാളികളുടെ ക്യാമ്പുകളിലും പാല്‍ വിതരണം ചെയ്യും. ഇതിനാവശ്യമായ തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നാണ് അനുവദിക്കുക. ഇതുസംബന്ധിച്ച നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തി ഇന്നലെ ഉത്തരവിറങ്ങി. പാല്‍ സംഭരണ കാര്യത്തില്‍ ഇനി കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജു പറഞ്ഞു.

അതേസമയം, ഇന്ന് രാവിലെ കര്‍ഷകരെത്തിക്കുന്ന മുഴുവന്‍ പാലും സ്വീകരിക്കുമെന്ന് മില്‍മ അറിയിച്ചിരുന്നെങ്കിലും പലയിടത്തും പകുതി പാല്‍ മാത്രമാണ് സംഭരിച്ചത്.  കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നത്. എന്നാല്‍, ഇന്ന് കര്‍ഷകരില്‍ നിന്ന് 70 ശതമാനം പാല്‍ സംഭരിക്കുമെന്നാണ് അറിയിച്ചിരുന്നതെന്നും അതനുസരിച്ചുളള ക്രമീകരണമാണ് സംഘങ്ങള്‍ നടത്തിയതെന്നും മലബാര്‍ മേഖല യൂണിയന്‍ അറിയിച്ചു. നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി മുഴുവന്‍ പാലും സംഭരിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.
 

click me!