കാരാട്ട് ഫൈസല്‍ മുമ്പും വിവാദ നായകന്‍; വീണ്ടും ചര്‍ച്ചയായി മിനി കൂപ്പര്‍ വിവാദം

By Web TeamFirst Published Oct 1, 2020, 10:46 AM IST
Highlights

ജനജാഗ്രതാ യാത്രയുടെ ഇടയിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഫൈസലിന്‍റെ മിനി കൂപ്പറില്‍ സഞ്ചരിച്ചത്. മിനി കൂപ്പര്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് വഴി കാരാട്ട് ഫൈസല്‍ പത്ത് ലക്ഷത്തോളം രൂപ നികുതി വെട്ടിപ്പ് നടത്തിയിരുന്നു. 

തിരുവനന്തപുരം സ്വ‍ർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള കാരാട്ട് ഫൈസല്‍ മുന്‍പും വിവാദ നായകന്‍. നികുതി വെട്ടിച്ച് മിനി കൂപ്പർ കാർ കേരളത്തിൽ ഓടിക്കുന്നുവെന്ന പരാതി ഇതിന് മുന്‍പ് ഫൈസലിനെതിരെ ഉയര്‍ന്നിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ ഒരു ജാഥയില്‍ ഈ കാര്‍ ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. ജനജാഗ്രതാ യാത്രയുടെ ഇടയിലായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ ഫൈസലിന്‍റെ മിനി കൂപ്പറില്‍ സഞ്ചരിച്ചത്.

മിനി കൂപ്പര്‍ പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് വഴി കാരാട്ട് ഫൈസല്‍ പത്ത് ലക്ഷത്തോളം രൂപ നികുതി വെട്ടിപ്പ് നടത്തിയിരുന്നു. അന്യസംസ്ഥാനത്ത് നിന്നുള്ള വാഹനം ഇവിടെ ഓടിക്കണമെങ്കില്‍  ഒരുവര്‍ഷത്തിനുള്ളില്‍ രജിസ്ട്രേഷന്‍ മാറ്റണമെന്നും നികുതി അടയ്ക്കണമന്നും നിയമുണ്ടായിരിക്കെ കാരാട്ട് ഫൈസലിന്‍റെ മിനികൂപ്പര്‍ ഇത് പാലിച്ചിരുന്നില്ല. പിഴ അടയ്ക്കാന്‍ ഫൈസല്‍ തയ്യാറാവാത്തതിനാല്‍ മോട്ടോര്‍വാഹന വകുപ്പ് റവന്യൂ റിക്കവറി നടപടികള്‍ ആരംഭിച്ചിരുന്നു.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഹവാല സ്വര്‍ണ്ണക്കടത്ത് ഇടപാടുകാരുമായി ഫൈസലിന്റെ ബന്ധം സംബന്ധിച്ച് ഏറെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വര്‍ണക്കടത്തില്‍ കാരാട്ട് ഫൈസലിന് വലിയ പങ്കുണ്ടെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. 2013 നവംബര്‍ എട്ടിന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ആറുകിലോ സ്വര്‍ണം ഡി ആര്‍എ പിടികൂടിയിരുന്നു. ഈ കേസില്‍  ഡിആര്‍എ ഫൈസലിനെ പ്രതി ചേര്‍ത്തിരുന്നു. ഈ കേസിലെ പ്രതികളുമായി ഫൈസലിന് അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തിലിന് പിന്നാലെയായിരുന്നു നടപടി. ഈ കേസിലെ മുഖ്യപ്രതിയായ ഷഹബാസിന്‍റെ ഭാര്യയുടെ പേരിലുള്ള ഓഡി ക്യു സെവന്‍ കാര്‍ കാരാട്ട് ഫൈസലിന്‍റെ വീട്ടില്‍ നിന്ന് ഡിആര്എ കണ്ടെത്തിയിരുന്നു. നേരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഫൈസല്‍ ഇടത് പിന്തുണയോടെയാണ് നഗരസഭാംഗമായത്. 

click me!