വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദം; സിഇഓ യു വി ജോസിനോട് വിശദീകരണം തേടി മന്ത്രി മൊയ്‍തീന്‍

By Web TeamFirst Published Aug 23, 2020, 9:21 PM IST
Highlights

കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിഇഒ യു വി ജോസിനോട് മന്ത്രി ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദത്തില്‍ സിഇഒ, യു വി ജോസിനോട് മന്ത്രി എ സി മൊയ്‍തീന്‍ വിശദീകരണം തേടി. നിയമസഭ സമ്മേളനം നാളെ ചേരാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടൽ. കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിഇഒ യു വി ജോസിനോട് മന്ത്രി ആവശ്യപ്പെട്ടു. 

ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറിൽ 140 ഫ്ലാറ്റുക‌ൾ നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ ധാരണയിലെത്തിയത് ജുലൈ 11നാണ്. യുഎഇയിലെ റെഡ്‍ക്രെസന്‍റ് എന്ന സ്ഥാപനവുമായാണ് സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യുഎഇയിൽ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങൾ ഉള്ളത് കൊണ്ടാണ് റെഡ്ക്രെസന്‍റുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു  സർക്കാർ വിശദീകരണം. 

എന്നാല്‍ നിർമാണ കരാർ ഒപ്പിട്ടത്  യുഎഇ കോൺസുലേറ്റും യൂണിടാക്കും തമ്മിലെന്ന് തെളിയിക്കുന്ന കരാർ രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. ധാരണാപത്രത്തിൽ ഒപ്പിട്ട സംസ്ഥാന സർക്കാരോ, സർക്കാർ ധാരണയിലെത്തിയ റെഡ് ക്രെസന്‍റോ നിർമാണ കരാറിൽ കക്ഷിയല്ല. റെഡ്‍ക്രെസന്‍റുമായുള്ള ധാരണാപത്രത്തിന് പോലും കേന്ദ്ര അനുമതി തേടാതിരിക്കെയാണ് നിർമ്മാണം കോൺസുൽ ജനറൽ നേരിട്ട ഒപ്പിട്ടെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്. റെഡ്‍ക്രെസന്‍റാകും പദ്ധതി ചെലവ് വഹിക്കുക എന്ന പരമാർശം മാത്രമാണ് കരാറിലുള്ളത്.
 

click me!