'ഇത്തരം വൈകൃതങ്ങള്‍ അംഗീകരിക്കാനാവില്ല'; യൂത്ത് കോണ്‍ഗ്രസിനെതിരെ മന്ത്രി എ കെ ബാലന്‍

By Web TeamFirst Published Jul 28, 2019, 1:23 PM IST
Highlights

ഗീതാ ഗോപി എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

തൃശ്ശൂര്‍: ഉത്തരേന്ത്യയിൽ കാണുന്ന വൈകൃതം കേരളത്തിലും കണ്ടു തുടങ്ങിയിരിക്കുന്നെന്ന് മന്ത്രി എ കെ ബാലന്‍. ഗീതാ ഗോപി എംഎല്‍എ സമരം നടത്തിയ സ്ഥലത്ത് ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള വൈകൃതങ്ങൾക്കെതിരെ പൊതു സമൂഹം ഒന്നിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

എംഎല്‍എയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാതീയമായി ആക്ഷേപിച്ചെന്ന ആരോപണം പരിശോധിച്ച് ഉചിത നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക ആശയത്തിന്റെ സ്വാധീനമാണ് ഇത്തരം പ്രവര്‍ത്തികളുടെ പിന്നിലുള്ളത്. ഇത്തരം വൈകൃതങ്ങൾ ഉള്ളതിനാലാണ് നവോത്ഥാന മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് ഇടതുപക്ഷം പറയുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നത്  യൂത്ത് കോൺഗ്രസ് ആയാലും ഇടതു പക്ഷമായാലും അംഗീകരിക്കാനാവില്ലെന്നും എ കെ ബാലന്‍ അഭിപ്രായപ്പെട്ടു.

ചേർപ്പ് - തൃപ്രയാർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നിൽ നാട്ടിക എംഎല്‍എ ഗീതാ ഗോപി കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇത് സമര നാടകമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ,എംഎല്‍എ കുത്തിയിരുന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ച് കഴുകുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജാതീയമായി അധിക്ഷേപിച്ചെന്നാരോപിച്ച് എംഎല്‍എ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രിയ്ക്കും നിയമമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും എംഎല്‍എ പറഞ്ഞിരുന്നു. 


 

click me!