പ്രവാസികളുടെ സ്വീകരണം; മന്ത്രി എസി മൊയ്തീന്‍ നീരീക്ഷണത്തില്‍ പോകണം, പരാതിയുമായി കോണ്‍ഗ്രസ്

By Web TeamFirst Published May 14, 2020, 4:56 PM IST
Highlights

തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രിയും എംഎല്‍എയും കളക്ടറും അടുത്ത് ഇഴപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കി.

തൃശൂര്‍: കൊവിഡ് രോഗികളുമായി ഇടപഴകിയ മന്ത്രി എ.സി മൊയ്തീന്‍ കൊവിഡ് നിരീക്ഷണത്തില്‍ പോകണമെന്ന് ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര ജില്ലാ കളക്ടര്‍ക്ക് കത്തയച്ചു. കഴിഞ്ഞ ഏഴാം തീയതി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ പ്രവാസികളുമായി മന്ത്രിയും  കെ.വി അബ്ദുള്‍ ഖാദര്‍ എംഎല്‍എയും, തൃശൂര്‍ ജില്ലാ കളക്ടറായ താങ്കളുള്‍പ്പടെ ഉള്ളവര്‍ സ്വീകരിച്ചിരുന്നു.

അന്ന് സമ്പര്‍ക്കം പുലര്‍ത്തിയ പ്രവാസികളില്‍ ചിലര്‍ക്ക് കൊവിഡ് ഉണ്ടെന്ന് വ്യക്തമായതാണ്. അതുകൊണ്ട് മന്ത്രിയുള്‍പ്പടെ എല്ലാവരും നീരീക്ഷണത്തില്‍ പോകണമെന്ന് അനില്‍ അക്കര ആവശ്യപ്പെട്ടു. തൃശൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി മന്ത്രിയും എംഎല്‍എയും കളക്ടറും അടുത്ത് ഇഴപഴകിയെന്ന് കാണിച്ച് തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്.

മന്ത്രിയടക്കമുള്ളവര്‍ പ്രവാസികളുമായി സംസാരിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. വാളയാറില്‍ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടയുണ്ടായിരുന്ന അഞ്ച് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ക്വാറന്റീനില്‍ പോകണമെന്ന  മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം വന്നതിന് പിന്നാലെയാണ് രോഗിയുമായി ഇടപഴകിയ മന്ത്രിയേയും നിരീക്ഷണത്തിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.  

click me!