പിരിച്ചുവിടൽ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്ന നടപടി, രാഷ്ട്രീയ പകപോക്കലെന്നും രഹ്ന ഫാത്തിമ

By Web TeamFirst Published May 14, 2020, 4:46 PM IST
Highlights

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന അച്ചടക്ക സമിതിയുടെ കണ്ടെത്തലിനെ തുടർന്ന് നിർബന്ധിത പിരിച്ചുവിടൽ നടപടി സ്വീകരിക്കുകയായിരുന്നു

കൊച്ചി: ജോലിയിൽ നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചുവിട്ടത് രാഷ്ട്രീയ പകപോക്കലെന്ന് രഹ്ന ഫാത്തിമ. ഈ പിരിച്ചുവിടൽ സുപ്രീംകോടതി വിധിയെ വെല്ലുവിളിക്കുന്ന നടപടിയാണെന്നും കോടതിയിൽ ചോദ്യം ചെയ്യുമെന്നും രഹ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ബിഎസ്എൻഎൽ ജോലിയിൽ നിന്ന് നിർബന്ധിത വിരമിക്കൽ നൽകിയെന്ന് എഫ് ബി പോസ്റ്റിലൂടെ രഹ്ന തന്നെയാണ് അറിയിച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന അച്ചടക്ക സമിതിയുടെ കണ്ടെത്തലിനെ തുടർന്ന് നിർബന്ധിത പിരിച്ചുവിടൽ നടപടി സ്വീകരിക്കുകയായിരുന്നു. സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമല കയറാൻ രഹ്ന നടത്തിയ ശ്രമം ഏറെ വിവാദമായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്നയെ പൊലീസ്  അറസ്റ്റ് ചെയ്യുകയും 18 ദിവസം ജയിലിലടയ്ക്കുകയും ചെയ്തിരുന്നു.  

15 വർഷ സർവീസും 2 തവണ ബെസ്റ്റ് പെർഫോമൻസ് അവാർഡും ഉള്ള തന്നെ സർക്കാർ‌ ജോലിയിൽ നിന്ന് പിരിച്ചു വിട്ടാൽ, അനീതിക്കെതിരെ ജനരോഷം ഉണ്ടാവും എന്ന് ഭയന്നാണ് ഒന്നരവർഷം നടപടികൾ നീട്ടിക്കൊണ്ടുപോയതെന്നും ജൂനിയർ എൻജിനിയർ ആയുള്ള റിസൾട്ടും പ്രമോഷനും തടഞ്ഞുവച്ചതായും രഹ്ന ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. തനിക്കൊപ്പം നിൽക്കാൻ എംപ്ലോയീസ് യൂണിയൻ പോലും തയ്യാറാകുന്നില്ലെന്നും രഹ്ന പോസ്റ്റിൽ കുറിക്കുന്നു.

അതുപോലെ തന്നെ ബിഎസ്എൻഎൽ ജിയോയുമായി 15 വർഷത്തെ ചോദ്യം ചെയ്യപ്പെടാത്ത കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും രഹ്ന ​ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്.ഇതിനെതിരെ പ്രതികരിക്കുമെന്ന സൂചന നൽകിയാണ് ഇവര്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

click me!