അനിൽ അക്കരയുടെ ആരോപണങ്ങൾ തള്ളി മന്ത്രി; ആർക്കാണ് കരാർ എന്ന് സർക്കാർ അറിയേണ്ട കാര്യമില്ലെന്നും പ്രതികരണം

By Web TeamFirst Published Aug 13, 2020, 11:23 AM IST
Highlights

എല്ലാ സ്ഥലത്തും പെർമിറ്റ് ലൈഫ് മിഷന് തന്നെയാണ് നൽകുന്നത്. റെഡ്ക്രസൻ്റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. ആർക്കു കരാർ നൽകുന്നു എന്നത് സർക്കാർ അറിയേണ്ട കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

തൃശ്ശൂർ: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ ഉയരുന്ന ആക്ഷേപങ്ങൾ ശരിയല്ലെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. എല്ലാ സ്ഥലത്തും പെർമിറ്റ് ലൈഫ് മിഷന് തന്നെയാണ് നൽകുന്നത്. റെഡ്ക്രസൻ്റ് ആണ് നിർമാണ കരാർ ഒപ്പിട്ടത്. ആർക്കു കരാർ നൽകുന്നു എന്നത് സർക്കാർ അറിയേണ്ട കാര്യമില്ലെന്നും മന്ത്രി പ്രതികരിച്ചു.

അനിൽ അക്കര എം എൽ എ നടത്തുന്നത് രാഷ്ട്രീയ പ്രചാര വേലയാണ്.  യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് തുടങ്ങി വച്ച പദ്ധതിയാണ് വടക്കാഞ്ചേരിയിലേത്. വീട് പണിത് കൈമാറുകയാണ് റെഡ് ക്രസൻ്റ്. സർക്കാരുമായി പണമിടപാടില്ല. അവർ പറയുന്ന ഏജൻസിയാണ് നിർമാണം നിർവഹിക്കുന്നത്. റെഡ്ക്രസൻ്റിൽ നിന്ന് ആരെങ്കിലും പണം കൈപ്പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കട്ടെ. സർക്കാർ നിലവിൽ ഇടപെടേണ്ട സ്ഥിതിയില്ലെന്നും മന്ത്രി പറഞ്ഞു.

വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി ഫ്ലാറ്റ് നിർമ്മിക്കുന്നതിൽ സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കളവാണെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മുഖ്യമന്ത്രി നുണയനാണ്. ഫ്ളാറ്റ് നിർമാണത്തിൻ്റെ പെർമിറ്റ് ലൈഫ് മിഷൻ്റെ പേരിലാണ്. മുഖ്യമന്ത്രി പറഞ്ഞത് ലൈഫ് മിഷന് പങ്കില്ലെന്നാണ്. റെഡ് ക്രസന്റുമായുള്ള സർക്കാരിന്റെ കരാർ വെളിപ്പെടുത്തണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

റെഡ് ക്രസന്റ് വഴി ലൈഫ് മിഷൻ പദ്ധതി നടപ്പാക്കിയതു സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎ ​ ഗവർണർക്ക് കത്ത് നൽകിയിരുന്നു. പദ്ധതിക്കു വേണ്ടി വടക്കാഞ്ചേരി മണ്ഡലത്തിൽ ഭൂമി വാങ്ങിയതിലും നിർമ്മാണത്തിലും കടുത്ത നിയമലംഘനം നടന്നിട്ടുണ്ട്. റെഡ് ക്രസൻ്റ് പണം ചെലവഴിക്കേണ്ടത്  ഇന്ത്യയിലെ റെഡ്ക്രോസ് വഴിയാണ്. കേന്ദ്രസർക്കാർ അറിയാതെ എങ്ങനെ റെഡ്ക്രസന്റിന്റെ പണം ചെലവാക്കിയെന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സാനിധ്യത്തിൽ ഒപ്പിട്ട ഈ പദ്ധതി നിയമവിരുദ്ധമാണെന്നും അനിൽ അക്കര കത്തിൽ ആരോപിച്ചിട്ടുണ്ട്.

click me!