
കോഴിക്കോട്: സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലും പാര്‍ട്ടി പ്രവര്‍ത്തകരും വകുപ്പിന്‍റെ കോഴിക്കോട്ടെ ബംഗ്ലാവ് വാടക നല്‍കാതെ ഉപയോഗിക്കുന്നതായി വിവരാവകാശ രേഖ. ഏഴ് ലക്ഷത്തോളം രൂപ വാടകയിനത്തില്‍ കുടിശ്ശിക ഉണ്ട്. ഇതുവരെ ഒരു രൂപ പോലും സര്‍ക്കാര്‍ ഖജനാവിലേക്ക് മന്ത്രി നല്‍കിയിട്ടില്ല. സംഭവം വിവാദമായതോടെ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ ഉദ്യോഗസ്ഥനോട് മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.
കോഴിക്കോട് ബീച്ചിലെ പോര്‍ട്ട് ബംഗ്ലാവാണ് വാടക നല്‍കാതെ ഉപയോഗിക്കുന്നത്. രണ്ട് വര്‍ഷത്തോളമായി ഒരു രൂപ പോലും വാടകയിനത്തില്‍ സര്‍ക്കാരിലേക്ക് നല്‍കിയിട്ടില്ല. കോഴിക്കോട് പോര്‍ട്ട് ഓഫീസില്‍ നിന്നും നല്‍കിയിരിക്കുന്ന വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ബംഗ്ലാവില്‍ പാര്‍ട്ടി യോഗങ്ങള്‍ കൂടുന്നതിനും താമസിക്കുന്നതിനും മന്ത്രിയും പരിവാരങ്ങളും വാടകയിനത്തില്‍ എത്ര രൂപ തുറമുഖ വകുപ്പിന് നൽകിയെന്നായിരുന്നു ചോദ്യം. വാടക ഒന്നും തന്നെ അടച്ചിട്ടില്ലെന്നാണ് മറുപടി. ഐ എന്‍ എല്‍ ഔദ്യോഗിക വിഭാഗത്തില്‍ നിന്നും പുറത്താക്കപ്പെട്ട സലീം തൈക്കണ്ടിയാണ് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ബംഗ്ലാവിലേക്ക് മാർച്ച് നടത്തി.
വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ബംഗ്ലാവ് ഉപയോഗിക്കാന്‍ മന്ത്രി 250 രൂപയും ജീവനക്കാര്‍ 100 രൂപയും പ്രതിദിനം നൽകണം. എന്നാല്‍ ആളുകളെ കാണാനും വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ബംഗ്ലാവ് ഉപയോഗിക്കുന്നതെന്ന വിശദീകരണമാണ് മന്ത്രിയുടെ ഓഫീസ് നല്‍കുന്നത്. ഔദ്യോഗിക കാര്യങ്ങള്‍ക്ക് വകുപ്പിന് കീഴിലുള്ള ഏത് കെട്ടിടം ഉപയോഗിക്കുന്നതിനും വാടക നല്‍കേണ്ടതില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷക്ക് തെറ്റായ മറുപടി നല്‍കിയതിനാണ് ഉദ്യോഗസ്ഥനെതിരെ വിശദീകരണം ചോദിച്ചതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam