കൊവിഡ്: കാരാക്കുറിശ്ശിയിലെ സമ്പർക്കപട്ടിക തയ്യാറാക്കൽ ശ്രമകരം; മറ്റൊരു കാസർകോടാകുമോയെന്ന് ആശങ്കയെന്നും മന്ത്രി

By Web TeamFirst Published Mar 26, 2020, 7:28 PM IST
Highlights

പ്രഥമ സമ്പർക്ക പട്ടിക തയ്യാറാക്കിയെങ്കിലും തുടർ സമ്പർക്കപട്ടിക പൂർണമാക്കാനായിട്ടില്ല. പത്തനംതിട്ടയുടെയും കാസർകോടിന്റെയും തുടർച്ചയാകുമോ പാലക്കാട് ജില്ലയിലെ സ്ഥിതി എന്ന് ആശങ്കയുണ്ട്.
 

പാലക്കാട്:  കാരാക്കുറിശ്ശിയിലെ കൊവിഡ് 19 രോഗിയുടെ പൂർണ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് ഏറെ ശ്രമകരമാണെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. പ്രഥമ സമ്പർക്ക പട്ടിക തയ്യാറാക്കിയെങ്കിലും തുടർ സമ്പർക്കപട്ടിക പൂർണമാക്കാനായിട്ടില്ല. പത്തനംതിട്ടയുടെയും കാസർകോടിന്റെയും തുടർച്ചയാകുമോ പാലക്കാട് ജില്ലയിലെ സ്ഥിതി എന്ന് ആശങ്കയുണ്ട്. സർക്കാർ നിർദ്ദേശങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് 19 സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശി 300ലേറെ പേരുമായി സമ്പർക്കം പുലർത്തിയതായി ആരോഗ്യവകുപ്പ്
പറഞ്ഞിരുന്നു. ഉംറ കഴിഞ്ഞ് നാട്ടിലെത്തിയ ഇയാൾ 10 ദിവസം കഴിഞ്ഞാണ് നിരീക്ഷണത്തിന് തയ്യാറായത്. ഈ മാസം 13നാണ് കാരാകുറുശ്ശി സ്വദേശിയായ 51 കാരൻ ഉംറ കഴിഞ്ഞ് നാട്ടിലെത്തിയത്. വിദേശത്തുനിന്ന് വരുന്നവർ നിരീക്ഷണത്തിൽ ഇരിക്കണമെന്ന് നിർദേശം പാലിക്കാതെ ഇയാള് പൊതുസ്ഥലങ്ങളിൽ 10 ദിവസം സജീവമായിരുന്നു.

ഈ മാസം 13 നും 20നും ഇയാൾ കാരക്കുന്ന് ജമാഅത്ത് പളളിയിൽ ജുമാ നിസ്കാരത്തിൽ പങ്കെടുത്തു. മിക്ക ദിവസങ്ങളിലും അണക്കപ്പറമ്പ് ഐഷ പളളിയിൽ അഞ്ച് നേരവും നമസ്കാരത്തിനും പോയിട്ടുണ്ട്. ഇതിനിടെ, മണ്ണാ‍ർക്കാട്ടെ തയ്യൽക്കട, പച്ചക്കറിക്കട, ജനത സ്റ്റോർ എന്നിവിടങ്ങളിലുമെത്തി. ദാറുസ്സലാം യത്തീംഖാനയിലും, വിയ്യക്കുർശിയിലെ പളളിയിലും പോയ ഇയാൾക്ക് മിക്ക ദിവസങ്ങളിലും വീട്ടിൽ സന്ദർശകരുമുണ്ടായിരുന്നു. ചുമയും മറ്റ് ശാരീരിക പ്രശ്നങ്ങളും കാരണം രണ്ട് തവണ താലൂക്ക് ആശുപത്രിയിലും മണ്ണാർക്കാട് സഹകരണ ആശുപത്രിയിലും ചികിത്സ തേടിയിട്ടുമുണ്ട്.നാട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസെത്തിയാണ് ഇയാളെ നിർബന്ധിച്ച് നിരീക്ഷണത്തിന് വിധേയനാക്കിയത്. 

Read Also: കാരാകുറിശ്ശിയിലെ കൊവിഡ് രോ​ഗബാധിതനുമായി സമ്പർക്കം പുലർത്തിയത് 300 പേർ; പട്ടിക തയ്യാർ

 

click me!