
കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ നീതിന്യായ കോടതിയെ അനുസരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ. ഹൈക്കോടതി വിധി ലംഘിക്കില്ലെന്നും അരിക്കൊമ്പനെ മാറ്റാൻ പുതിയ സ്ഥലം കണ്ടെത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ നാളെ റിപ്പോർട്ട് നൽകും. വിദഗ്ധ സമിതി കണ്ടെത്തിയ സ്ഥലമാണ് പറമ്പിക്കുളം. പ്രശ്നം അനിശ്ചിതമായി നീട്ടികൊണ്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അരിക്കൊമ്പൻ ആനയെ മയക്കുവെടിവെച്ച് പിടികൂടൂണമെന്ന മറ്റൊരു ഹർജി ഇന്ന് സുപ്രീം കോടതിയിയുടെ പരിഗണനയിലേക്ക് വരും. അരിക്കൊമ്പനെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നിയമിച്ച വിദഗ്ധ സമിതിയിൽ വിദഗ്ദരില്ലെന്ന വാദമാണ് ഹർജിക്കാർ ഉന്നയിക്കുന്നത്. അഭിഭാഷകൻ വി കെ ബിജുവാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഹർജി പരാമർശിക്കുന്നത്.
ഉച്ചയോടെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ വെച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും അരിക്കൊമ്പൻ വിഷയത്തിൽ കോടതികളുടെ നിർദേശങ്ങൾ പാലിക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഹൈക്കോടതിയിൽ നാളേക്ക് മുൻപ് പുതിയ സ്ഥലം സംബന്ധിച്ചു റിപ്പോർട്ട് നൽകും. അനുയോജ്യമായ സ്ഥലത്തിനായി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. പ്രശ്നം അനന്തമായി നീട്ടിക്കൊണ്ടുപോകാനാവില്ല. ചിന്നക്കനാലിൽ സന്നാഹങ്ങൾ കൂടുതൽ കാലം തുടരാനാവില്ല. പറമ്പിക്കുളം മതിയെന്ന് കോടതിയിൽ പറയുന്നത് കൊണ്ട് നിയമപരമായി ഗുണമുണ്ടോയെന്ന് അറിയില്ല. കോടതിയിൽ സമയം നീട്ടിച്ചോദിക്കണോയെന്ന് പിന്നീട് തീരുമാനിക്കും. വിഷയത്തിൽ വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും വനം മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam