
തിരുവനന്തപുരം: വയനാട് ബത്തേരി നെന്മേനി ചമയംകുന്നിൽ പശുഫാം നടത്തുന്ന ക്ഷീരകർഷകരായ സ്റ്റെഫിൻ പോളിന്റെയും ഭർത്താവ് സുഭാഷ് ജോയിയുടെയും പ്രശ്നത്തിൽ ഇടപെട്ട് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കർഷകയായ സ്റ്റെഫിൻ പോളുമായി ഫോണിൽ സംസാരിച്ച മന്ത്രി ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി. സിദ്ദിഖുമായി മന്ത്രി ബിന്ദു കൃഷ്ണ വിഷയം സംസാരിച്ചു. ക്ഷീരകർഷക ദമ്പതികൾക്ക് ആവശ്യമായ സഹായങ്ങളും ക്രമീകരണങ്ങളും പ്രാദേശികമായി ഒരുക്കാൻ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് മന്ത്രി ടി. സിദ്ദിഖ് മന്ത്രിയെ അറിയിച്ചു.
വിഷയത്തിൽ വിശദമായ പരിശോധന നടത്താൻ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറോടും, മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസറോടും മന്ത്രി ബിന്ദു കൃഷ്ണ നിർദേശിച്ചു. ഫാം സന്ദർശിച്ച് സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനുമാണ് നിർദേശം.
നേരത്തെയും വിഷയം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ കർഷകരുടെ ഭാഗത്ത് തെറ്റില്ലെന്നാണ് കണ്ടെത്തിയിരുന്നത്. സമ്പാദ്യവും വായ്പയുമുൾപ്പെടെ രണ്ട് കോടിയോളം രൂപ ചെലവഴിച്ച് എഴുപതിലധികം പശുക്കളുമായി ഫാം നടത്തുന്ന കർഷക ദമ്പതികൾ നേരിടുന്ന പ്രതിസന്ധി ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്.
ക്ഷീരമേഖലയിൽ പ്രതിസന്ധികൾ നേരിടുന്ന കർഷകർക്ക് ആവശ്യമായ സംരക്ഷണവും പിന്തുണയും നൽകുക എന്നത് സർക്കാരിന്റെയും ക്ഷീരവികസന വകുപ്പിന്റെയും ഉത്തരവാദിത്തമാണ്. സ്റ്റെഫിൻ പോളിനും സുഭാഷ് ജോയിക്കും ഫാം തടസ്സങ്ങളില്ലാതെ തുടർന്നുകൊണ്ടുപോകുന്നതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെയും വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam