
കൊല്ലം: തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ വിചിത്ര വാദവുമായി മന്ത്രി ജെ ചിഞ്ചുറാണി. അപകടമുണ്ടായത് അധ്യാപകരുടെ കുഴപ്പം കൊണ്ടല്ലെന്നും സഹപാഠികൾ വിലക്കിയിട്ടും മരിച്ച കുഞ്ഞ് ഷെഡിന് മുകളിൽ കയറിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അവർ എറണാകുളത്ത് ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു.
മന്ത്രി പറഞ്ഞതിങ്ങനെ -
'ചെരിപ്പ് എടുക്കാൻ പയ്യൻ ഷെഡിന് മുകളിൽ കയറിയപ്പോൾ ഉണ്ടായ അപകടമാണ്. കാലൊന്ന് തെന്നി, പെട്ടെന്ന് കയറിപ്പിടിച്ചത് വലിയ ലൈൻ കമ്പിയിലാണ്. അതിലൂടെയാണ് വൈദ്യുതി കടന്നുവന്നത്. ആ കുഞ്ഞ് അപ്പോഴേ മരിച്ചു. അതാരെങ്കിലും അധ്യാപകരുടെ കുഴപ്പമൊന്നുമല്ല. പക്ഷെ നമ്മുടെ കുഞ്ഞുങ്ങൾ കളിച്ച് കളിച്ച് ഈ ഇതിൻ്റെയൊക്കെ മുകളിലൊക്കെ ചെന്നു കയറുമ്പോൾ ഇത്രയും ആപൽക്കരമായിട്ടുള്ള സംഭവങ്ങൾ ഉണ്ടാകുമെന്ന് നമുക്കറിയുമോ. നമ്മളൊക്കെ അന്തിച്ചുപോകും. ഒരു കുഞ്ഞ് രാവിലെ സ്കൂളിൽ ഒരുങ്ങിപ്പോയ കുഞ്ഞാണ്. ആ കുഞ്ഞ് മരിച്ച് തിരിച്ചുവരുന്ന അവസ്ഥ. അധ്യാപകരെ നമുക്ക് കുറ്റം പറയാൻ പറ്റില്ല. അവിടെ കയറരുതെന്ന് സഹപാഠികൾ പറഞ്ഞിട്ട് പോലും അവനവിടെ വലിഞ്ഞുകയറി എന്നുള്ളതാണ് നമുക്ക് അറിയാൻ കഴിഞ്ഞത്. അങ്ങനെയുള്ള എത്ര സംഭവങ്ങളാണ് നടക്കുന്നത്.
എറണാകുളം തൃപ്പൂണിത്തുറയിൽ നടന്ന സിപിഐ വനിതാ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വനിത സംഗമത്തിൽ ഒരു സ്ത്രീ എന്ന നിലയിൽ അവിടെ വന്നിരുന്ന സ്ത്രീകളോട് കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ച് സന്ദർഭവശാൽ പറഞ്ഞതാണെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് വിശദീകരിക്കുന്നത്. മന്ത്രിയുടെ പ്രസംഗത്തിൻ്റെ ഒരു ഭാഗത്താണ് കൊല്ലം സംഭവത്തെ കുറിച്ച് പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam