കാസർകോട് അതിർത്തിയിൽ പാസില്ലാതെ എത്തിയവരുടെ കാര്യത്തിൽ നടപടിയെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം

By Web TeamFirst Published May 9, 2020, 4:49 PM IST
Highlights

ഇ-പാസ് ലഭിക്കുന്നവര്‍ക്ക് മാത്രമേ അതിര്‍ത്തി വഴി സംസ്ഥാനത്തേക്ക് കടക്കാന്‍ അനുമതിയുള്ളൂ. രജിസ്‌ട്രേഷന്‍ നടത്താതെയോ പൂര്‍ത്തിയാക്കാതെയോ എത്തുന്നവരാണ് ചെക്‌പോസ്റ്റില്‍ കുടുങ്ങിയത്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രജിസ്ട്രേഷൻ പൂർത്തിയാക്കാതെ ധാരാളം പേർ അതിർത്തിയിലേക്ക് എത്തുന്നുവെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി വിശദീകരിച്ചു.

ഇ-പാസ് ലഭിക്കുന്നവര്‍ക്ക് മാത്രമേ അതിര്‍ത്തി വഴി സംസ്ഥാനത്തേക്ക് കടക്കാന്‍ അനുമതിയുള്ളൂ. രജിസ്‌ട്രേഷന്‍ നടത്താതെയോ പൂര്‍ത്തിയാക്കാതെയോ എത്തുന്നവരാണ് ചെക്‌പോസ്റ്റില്‍ കുടുങ്ങിയത്. ഇതില്‍ കാസര്‍കോട് സ്വദേശികള്‍ ഉണ്ടെങ്കില്‍  ഉടനെ ജില്ലയില്‍ പ്രവേശിപ്പിക്കാനും ക്വാറന്റൈന്‍ നടപടികള്‍ സ്വീകരിക്കാനും കളക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

പാസില്ലാതെ അതിര്‍ത്തിയിലെത്തിയ മറ്റ് ജില്ലക്കാരുടെ വിവരം ശേഖരിച്ച് ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാരുടെ അനുമതി ലഭ്യമാക്കാനും കാസർകോട് കളക്ടറെ ചുമതലപ്പെടുത്തി. അതിര്‍ത്തി കടന്നെത്തുന്നവര്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നുണ്ടെന്നും കൊറോണ നിയന്ത്രണങ്ങളും ക്വാറന്റൈന്‍ നടപടികളും കൃത്യമായി പാലിക്കുന്നുവെന്നും ഉറപ്പാക്കാനാണ് പാസ് സംവിധാനം ഏര്‍പ്പെടുത്തിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഈ സംവിധാനം സഹായിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

click me!