മന്ത്രി ഇ പി ജയരാജനും ഭാര്യയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു

By Web TeamFirst Published Sep 19, 2020, 12:08 PM IST
Highlights

മന്ത്രിയുടെ ഭാര്യ ഇന്ദിര ക്വാറന്‍റീനിലായിരിക്കെ ബാങ്കിലെത്തിയെന്ന ആരോപണമുയർന്നിരുന്നു. ഇത് ഏറെ രാഷ്ട്രീയവിവാദങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്തു. 

കണ്ണൂർ: മന്ത്രി ഇ പി ജയരാജനും ഭാര്യ പി കെ ഇന്ദിരയും കൊവിഡ് മുക്തരായി ആശുപത്രി വിട്ടു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിലാണ് ഇവർ ചികിത്സ തേടിയിരുന്നത്. ഇരുവരുടെയും ഇന്ന് നടത്തിയ ആന്‍റിജൻ ടെസ്റ്റ് നെഗറ്റീവായതിനെത്തുടർന്നാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്. ആദ്യ ടെസ്റ്റ് നെഗറ്റീവായെങ്കിലും ഇരുവരും അടുത്ത ഏഴ് ദിവസത്തേക്ക് നിരീക്ഷണത്തിൽ തുടരും.

മന്ത്രിയുടെ ഭാര്യ ക്വാറന്‍റീനിൽ പോകുന്നതിന് പകരം ബാങ്കിൽ ലോക്കർ തുറക്കാനെത്തിയെന്നത് വലിയ വിവാദമുണ്ടാക്കിയിരുന്നു. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് താൻ ക്വാറന്‍റീനിലല്ല എന്ന മറുവാദവുമായി വീഡിയോ സന്ദേശവുമായി അവർ തന്നെ രംഗത്തെത്തി. 

മന്ത്രിയുടെ ഭാര്യ സെക്കന്‍ററി കോണ്ടാക്ട് ആയിരുന്നു. സെക്കന്‍ററി കോണ്ടാക്ടായ എല്ലാവരും ക്വാറന്‍റീനിൽ തുടരണമെന്നതാണ് ആരോഗ്യവകുപ്പ് നിഷ്കർഷിക്കുന്ന ചട്ടം. സെപ്റ്റംബർ പത്താം തീയതിയാണ് അവരുടെ ടെസ്റ്റ് എടുക്കുന്നത്. അന്ന് തന്നെയാണ് അവർ ബാങ്കിലെത്തിയതും. പതിനൊന്നാം തീയതി അവർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടർന്ന് പരിയാരത്തെ സ്പെഷ്യൽ വാർഡിൽ ചികിത്സയ്ക്കായി അവരെ പ്രവേശിപ്പിച്ചു. പിന്നീട് എട്ട് ദിവസത്തെ ചികിത്സയ്ക്ക് ശേഷം കൊവിഡ് പരിശോധനാഫലം നെഗറ്റീവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അവരെയും മന്ത്രി ഇ പി ജയരാജനെയും ഡിസ്ചാർജ് ചെയ്യുകയായിരുന്നു. 

Read more at: പേരക്കുട്ടികളുടെ പിറന്നാളിന് ആഭരണമെടുക്കാനാണ് ബാങ്കില്‍ പോയതെന്ന് മന്ത്രി ഇ പി ജയരാജന്‍റെ ഭാര്യ പികെ ഇന്ദിര

click me!