'സെക്രട്ടറിയേറ്റ് കലാപഭൂമിയാക്കാൻ കോൺഗ്രസ്-ബിജെപി ആസൂത്രിത ശ്രമം'; സമഗ്ര അന്വേഷണം നടത്തും:മന്ത്രി ഇപി ജയരാജൻ

By Web TeamFirst Published Aug 25, 2020, 7:27 PM IST
Highlights

പൊലീസിനെയും വിമർശിച്ച മന്ത്രി ആരെങ്കിലും അക്രമത്തിന് ശ്രമിച്ചാൽ അതിന് വഴിയൊരുക്കയാണോ പൊലീസ് ചെയ്യേണ്ടതെന്നും ചോദിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കലാപ ഭൂമിയാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായും വ്യാപക അക്രമം നടത്താൻ കോൺഗ്രസ് ബിജെപി നേതാക്കൾ ശ്രമിക്കുകയാണെന്നും മന്ത്രി ഇപി ജയരാജൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സെക്രട്ടറിയേറ്റിന് അകത്ത് കയറിയാണ് ആക്രമണം നടത്തിയത്. പൊലീസുകാരെയും ആക്രമിച്ചു. എന്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കി അതിൽ നിന്നും മുതലെടുക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. 

അക്രമങ്ങളെ നേതാക്കൾ പ്രോത്സാഹിപ്പിക്കരുത്. വിഷയത്തിൽ ഗവര്‍മെന്‍റ് സമഗ്ര അന്വേഷണം നടത്തുമെന്ന് കരുതുന്നു. പൊലീസിനെയും  വിമർശിച്ച മന്ത്രി ആരെങ്കിലും അക്രമത്തിന് ശ്രമിച്ചാൽ അതിന് വഴിയൊരുക്കയാണോ പൊലീസ് ചെയ്യേണ്ടതെന്നും ചോദിച്ചു. ശാസ്ത്രീയമായി അന്വേഷണം നടത്താനാകും. അതിനുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.പ്രശ്നം വഷളാക്കാൻ പ്രതിപക്ഷനേതാവ് ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പിൽ നടന്നത് അസാധാരണ നാടകീയ സംഭവ വികാസങ്ങളാണ്. തീപ്പിടുത്തത്തിൽ ദുരൂഹതയാരോപിച്ച് പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളപ്പിൽ പ്രതിഷേധിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. നിലവിൽ കൂടുതൽ കോൺഗ്രസ്-ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. 

സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുടമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോൾ വിഭാഗത്തിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല. എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തിനശിച്ചതിലുണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 

click me!