കെഎ രതീഷിന് ഇരട്ടി ശമ്പളം; മന്ത്രി ഇപി ജയരാജന്‍റെ വിശദീകരണം പൊളിയുന്നു

By Web TeamFirst Published Oct 27, 2020, 10:48 AM IST
Highlights

ഖാദി സെക്രട്ടറിയായ  കെഎ രതീഷിന് ഇരട്ടി ശമ്പളം നൽകിയെന്നത് മാധ്യമ സൃഷ്ടി മാത്രമെന്നായിരുന്നു സര്‍ക്കാരിന്‍റെയും മന്ത്രിയുടേയും വാദം

തിരുവനന്തപുരം: ഖാദി സെക്രട്ടറി കെഎ രതീഷിന് ഇരട്ടി ശമ്പളം കൊടുത്ത സംഭവത്തിൽ വ്യവസായ മന്ത്രി ഇപി ജയരാജന്‍റെ വാദം പൊളിയുന്നു. ഖാദി സെക്രട്ടറിയായ  കെഎ രതീഷിന് ഇരട്ടി ശമ്പളം നൽകിയെന്നത് മാധ്യമ സൃഷ്ടി മാത്രമെന്നായിരുന്നു സര്‍ക്കാരിന്‍റെയും മന്ത്രിയുടേയും വാദം. ശമ്പള വർദ്ധനവിന് മന്ത്രി അംഗീകാരം നൽകിയതായി രതീഷിൻ്റെ കത്ത് പുറത്ത് വന്നതോടെയാണ് മന്ത്രി ഇപി ജയരാജന്‍റെ വാദം പൊളിയുന്നത്. ശമ്പള വര്‍ദ്ധനവിന് അംഗീകാരം തേടി ഡയറക്ടർമാർക്ക് അയച്ച കത്തിലാണ് ജയരാജന്‍റെ ഇടപെടൽ വ്യക്തമാക്കുന്നത്. 

ഖാദി സെക്രട്ടറിയായ കെഎ രതീഷിന് 90,000 രൂപയുടെ ശമ്പള വർദ്ധനവിന് അംഗീകാരം നൽകിയ നടപടിയാണ് വിവാദത്തിലായത്.  കെ എ രതീഷ് ഉൾപ്പെട്ട കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സർക്കാർ സിബിഐക്ക് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ശമ്പള വർദ്ധനവും മറനീങ്ങുന്നത്. ഖാദി സെക്രട്ടറിയായ കെ എ രതീഷ് സെപ്റ്റംബർ മാസമാണ് ശമ്പള വർദ്ധന ആവശ്യപ്പെട്ടത്. കിൻഫ്ര എംഡിക്ക് സർക്കാർ നിശ്ചയിച്ച ഒരു ലക്ഷത്തി എഴുപതിനായിരം ശമ്പളം തനിക്കും വേണമെന്നായിരുന്നു ആവശ്യം. വ്യവസായ വകുപ്പ് മന്ത്രിയും ഖാദി ചെയർമാനുമായ മന്ത്രി ഇ പി ജയരാജൻ മിന്നൽ വേഗത്തിൽ അംഗീകാരം നൽകി. തൊട്ട് പിന്നാലെ ധനവകുപ്പും ശമ്പള വർദ്ധന അംഗീകരിക്കുകയായിരുന്നു.  

അന്തിമ നടപടികൾക്കായി വ്യവസായ സെക്രട്ടറിക്ക് മുന്നിൽ ഫയൽ എത്തിയപ്പോഴാണ് പൊരുത്തക്കേടിൽ സംശയമുയർന്നത്. മുൻ സെക്രട്ടറിമാരുടെ ശമ്പളം എത്രയെന്ന് അന്വേഷിച്ച് വ്യവസായ സെക്രട്ടറി ഖാദി ബോർഡിനോട് വ്യക്തത തേടി. എൺപതിനായിരമായിരുന്നു തൊട്ടുമുമ്പുള്ള സെക്രട്ടറി വാങ്ങിയ ശമ്പളം. കുരുക്ക് നീങ്ങാൻ ഖാദി ബോർഡിനെ കൊണ്ട് തന്നെ തീരുമാനമെടുപ്പിക്കാൻ രതീഷ് നടത്തിയ നീക്കമാണ് ഈ കത്ത്. 

click me!