വനിതാ നേതാവിന്‍റെ പരാതി; മന്ത്രി ജി സുധാകരന്‍ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു

By Web TeamFirst Published Jun 22, 2019, 9:38 AM IST
Highlights

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല. തുടര്‍ന്ന് ഉഷ അമ്പലപ്പുഴ കോടതിയെ സമീപിക്കുകയായിരുന്നു

ആലപ്പുഴ: പൊതുവേദിയില്‍ സിപിഎം വനിതാ നേതാവിനെ അപമാനിച്ച കേസില്‍ മന്ത്രി ജി സുധാകരന്‍ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു. സുധാകരന്‍റെ മുന്‍ പേഴ്സണ്‍ സ്റ്റാഫംഗവും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതിയുടെ സ്വകാര്യ ഹർജിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെത്തി മന്ത്രി ജാമ്യമെടുത്തത്.

സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് സുധാകരനെതിരായ കേസ്.  ഈ മാസം  28ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മന്ത്രി രഹസ്യമായി കോടതിയിലെത്തി മുന്‍കൂര്‍ജാമ്യമെടുത്തത്. 2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്‍എച്ച് കുമാരകോടി റോഡിന്‍റെ ഉദ്ഘാടനവേദിയില്‍വച്ച് അന്ന് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഉഷസാലിയെ മന്ത്രി അപമാനിച്ചെന്നാണ് പരാതി.

മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ഉഷയ്ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ ഉഷ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് കേസെടുത്തില്ല. തുടര്‍ന്ന് ഉഷ അമ്പലപ്പുഴ കോടതിയെ സമീപിച്ചു. രണ്ട് തവണ കോടതി കേസ് പരിഗണിച്ചെങ്കിലും മന്ത്രി ഹാജരായില്ല. ഈമാസം 28ന് നിര്‍ബന്ധമായും ഹാജരാകണമെന്ന് മന്ത്രിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ അമ്പലപ്പുഴ കോടതിയിലെത്തിയ മന്ത്രി മുന്‍കൂര്‍ജാമ്യമെടുത്തത്. സ്വകാര്യവാഹനത്തിലാണ് മന്ത്രിയെത്തിയത്. 

click me!