'ഷവര്‍മ്മ പോലുള്ളവ ഹോട്ടലിൽ വച്ച് കഴിക്കണം, പാഴ്സൽ കൊടുക്കുന്നത് നിർത്തണം'; മന്ത്രി ജി ആർ അനിൽ

By Web TeamFirst Published Jan 8, 2023, 11:34 AM IST
Highlights

ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ ഹോട്ടലിൽ വച്ച് കഴിയ്ക്കണമെന്നും പാഴ്സൽ കൊടുക്കുന്നത് നിർത്തിയാൽ നന്നാകുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു

തിരുവനന്തപുരം: ഭക്ഷ്യവിഷബാധ തടയാൻ വിചിത്ര നിര്‍ദ്ദേശവുമായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിൽ. ഹോട്ടലുകളിൽ നിന്ന് ഷവര്‍മ പോലുള്ള ഭക്ഷണ സാധനങ്ങള്‍ പാഴ്സൽ കൊടുക്കുന്നത് നിര്‍ത്തണം. ഹോട്ടലിൽ വച്ച് തന്നെ ഭക്ഷണം കഴിക്കുന്നത് നിര്‍ബന്ധമാക്കണമെന്നും ജി ആര്‍ അനിൽ തിരുവനന്തപുരത്ത് പറഞ്ഞു. നിയമനടപടികൾ വൈകുന്നത് ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാനിടയാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കാസർകോട് ഭക്ഷ്യവിഷബാധ മരണത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പരിശോധനകൾ നടക്കുകയാണ്. സംസ്ഥാനത്ത് ഒരാഴ്ചക്കിടെ രണ്ട് ഭക്ഷ്യവിഷബാധ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം രണ്ടിനാണ് ഭക്ഷ്യവിഷബാധയേറ്റ കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്‌സ് രശ്മി രാജ് മരിച്ചത്. കാസര്‍കോട് പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതി എന്ന 19 വയസുകാരി ഇന്നലെയാണ് മരിച്ചത്. കാസര്‍കോട് അടുക്കത്ത്ബയലിലെ അല്‍ റൊമന്‍സിയ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ച കുട്ടിയാണ് മരിച്ചത്. മുപ്പത്തിയൊന്നാം തിയതിയാണ് ഹോട്ടലിൽ നിന്ന് ചിക്കൻ മന്തി ചിക്കൻ 65, മയോണൈസ് സാലഡ് എന്നിവ വാങ്ങിയത്. പിറ്റേന്ന് ദേഹാസ്വസ്ത്യം ഉണ്ടായതിനെ തുടർന്ന് അഞ്ജുശ്രിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങിയ  പെൺകുട്ടി ആറാം തിയതി രാവിലെ കുഴഞ്ഞ വീഴുകതും ഇന്നലെ രാവിലെയോടെ മരിക്കുകയുമായിരുന്നു.

Also Read: അഞ്ജുശ്രീയുടെ ജീവനെടുത്തത് ഓൺലൈനിൽ വാങ്ങിക്കഴിച്ച കുഴിമന്തി, ഭക്ഷ്യവിഷബാധയിൽ ഒരാഴ്ചക്കിടെ രണ്ട് മരണം 

അതേസമയം, കാസർക്കോട്ടെ ഭക്ഷ്യവിഷബാധയേറ്റുള്ള മരണത്തിൽ കർശന നടപടി എടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു. കണ്ണൂരിലെയും കാസർക്കോട്ടെയും ഉദ്യോഗസ്ഥരോട് പെൺകുട്ടി ഭക്ഷണം വാങ്ങിയ ഹോട്ടലിലെത്തി പരിശോധന നടത്താൻ നി‍ർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷ്യാസുരക്ഷാ നിയമം ഉണ്ടായിട്ടും ഭക്ഷ്യവിഷബാധ മൂലം ആളുകൾ മരിച്ചതിന് ഒരു ഹോട്ടലുടമപോലും സംസ്ഥാനത്ത് ഇത് വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകളുടെ തീർപ്പ് വൈകുന്നതാണ് ഇതിന്  കാരണമെന്നാണ്  ഭക്ഷ്യസുരക്ഷാ കമ്മീഷൺർ വിആർ വിനോദ് വിശദീകരിക്കുന്നത്. 

മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം, ശക്തമായ വകുപ്പുകൾ ചുമത്തണം, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉടൻ : ആരോഗ്യമന്ത്രി 

click me!