
തിരുവനന്തപുരം: മൃഗശാലയിലെ സിംഹങ്ങളായ ലിയോ, നൈല എന്നിവർക്ക് ജനിച്ച സിംഹക്കുട്ടികൾക്ക് 'സിംബ' (Simba) എന്നും സൂരി (Suri) എന്നും പേരിട്ട് മന്ത്രി. മൃഗശാലയിൽ നടന്ന ചടങ്ങിൽ മൃഗശാല, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2026 ജനുവരി 20-നായിരുന്നു സിംഹക്കുട്ടികൾ ജനിച്ചത്. തിരുപ്പതി സൂവിൽ നിന്നും എത്തിച്ച നൈല, ലിയോ എന്നീ സിംഹങ്ങളുടെ കുട്ടികളാണിവ. എന്നാൽ ജനിച്ചതിന് പിന്നാലെ ഇവയ്ക്ക് പാലുകൊടുക്കാൻ അമ്മ തയാറായില്ല. മൃഗശാലയിലെ ഡോക്‌ടറും ജീവനക്കാരും ചേർന്ന് കൂടിനുള്ളിൽ കയറി പാലുകൊടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഡോക്ടറും ജീവനക്കാരും ചേർന്ന് കുപ്പിയിൽ പാൽ നിറച്ച് കൊടുത്താണ് ഇതുവരെ വളർത്തിയത്.
ജനിച്ചതിന്‍റെ രണ്ടാം ദിവസം മുതൽ രാപകൽ സിംഹക്കുട്ടികളുടെ പരിപാലനത്തിനായി സമയം ചെലവഴിച്ച അനിമൽ കീപ്പർ വി. അനിൽ കുമാറിന്‍റെ സേവനത്തെ ചടങ്ങിൽ പ്രത്യേകം പ്രശംസിച്ചു. സിംഹക്കുട്ടികളെ അതീവ ജാഗ്രതയോടെ പരിചരിച്ച വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ ഉൾപ്പെടെയുള്ള വിദഗ്ധ സംഘത്തിന് മന്ത്രി പ്രശസ്തി പത്രങ്ങൾ വിതരണം ചെയ്തു. ജിജോ ബി.എസ് (ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ), നഹാസ് ജെ.എസ് (ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ), രാജേഷ് കുമാർ എസ്.എസ് (ലാബ് അസിസ്റ്റന്‍റ്), രാജേഷ് ബി (സൂപ്പർവൈസർ), ജയചന്ദ്രൻ എം (കീപ്പർ), അഖിൽ സി (കീപ്പർ) എന്നീ ടീമംഗങ്ങളെയും ചടങ്ങിൽ മന്ത്രി അനുമോദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam