
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തിയ്യതി ശമ്പളം കൊടുക്കാൻ കഴിയുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. അത് ജീവനക്കാരിൽ വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെയും ധന മന്ത്രിയുടെയും പിന്തുണയുടെയും സഹായത്തോടെയുമാണ് അത് സാധ്യമായത്. കെഎസ്ആർടിസിയിൽ പ്രൊഫഷണലിസം ഉണ്ടായിരുന്നില്ല. ഒരുപാട് നഷ്ടങ്ങളും കടങ്ങളുമുണ്ടായി. സാമ്പത്തിക അച്ചടക്കം കൊണ്ടുവരാനും ചെലവ് കുറയ്ക്കാനും കഴിഞ്ഞു. താൻ കച്ചവടം നടത്തി പരാജയപ്പെട്ടയാളാണെന്നും ആ അനുഭവം തനിക്കിവിടെ പ്രയോജനപ്പെട്ടെന്നും മന്ത്രി പറഞ്ഞു. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന ഒരു പരിപാടിയും സമ്മതിക്കില്ല. മദ്യപിച്ച് ജോലിക്കു വരിക, ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുക എന്നിവയ്ക്കെതിരെ എല്ലാം കർശന നടപടി സ്വീകരിച്ചു. ഇതോടെ അപകടങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. ടെക്നോളജിയെ പരമാവധി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. വഴിയിൽ കിടക്കുന്ന ബസുകളുടെ എണ്ണം കുറഞ്ഞു. യൂണിയനുകളൊന്നും അനാവശ്യമായി ഇടപെട്ടില്ല. ഡെഡ് മൈലേജ് കുറയ്ക്കാനുള്ള വഴി അഡ്വാൻസ്ഡ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് കണ്ടെത്താൻ കഴിഞ്ഞു. ഒരേ സമയത്ത് കുറേ ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സ്ഥിതിയുണ്ടായിരുന്നു. അത് ഇല്ലാതാക്കി തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ ബസുകളെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞെന്ന് മന്ത്രി പറയുന്നു.
യാത്രകളിൽ പല പരാതികളും കേൾക്കാറുണ്ട്. അതെങ്ങനെ പരിഹരിക്കണം എന്ന് ചിന്തിച്ചാണ് പല പരിഹാരങ്ങളും കണ്ടെത്തുന്നത്. ലോക യാത്രക്കിടെ കണ്ട പല നല്ല കാര്യങ്ങളും ഇവിടെ പകർത്താൻ ശ്രമിച്ചു. ടോട്ടൽ ഡിജിറ്റലൈസേഷൻ കൊണ്ടുവന്നത് ഏറെ ഗുണം ചെയ്തു. കെഎസ്ആർടിസി ഡി കാറ്റഗറിയിലായിരുന്നു. ഒരു ബാങ്കിൽ നിന്നും പണം കിട്ടാത്ത സ്ഥിതിയായിരുന്നു. ഇപ്പോൾ ബി പ്ലസ് കാറ്റഗറിയിൽ എത്തി. ഏതു ബാങ്കിൽ ചോദിച്ചാലും പണം കടം കിട്ടുന്ന നിലയിൽ എത്തി. കെടിഡിഎഫ്‍സിയുടെ കെട്ടിടങ്ങൾക്ക് പലരും വാടക തരാത്ത സ്ഥിതിയായിരുന്നു. ഫ്യൂസും ഊരി വെള്ളവും കട്ട് ചെയ്തപ്പോൾ വാടക കൃത്യമായി കിട്ടിത്തുടങ്ങി. കെഎസ്ആർടിസിയിൽ ഒരുപാട് കടകൾ ഒഴിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. പലതും ചെറിയ തുകയ്ക്ക് എടുത്തിട്ട് വൻ തുകയ്ക്ക് മറിച്ചുവിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ആ സെക്ഷനിൽ നിന്ന് ഒരുമിച്ച് 18 പേരെ മാറ്റിയതോടെ കോടികൾ വാടകയിനത്തിൽ കിട്ടാൻ തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്ത് സിറ്റി ബസ് തർക്കമുണ്ടാവാൻ കാരണം മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് ഗണേഷ് കുമാർ വിശദീകരിച്ചു. 50 ബസുകൾ കെഎസ്ആർടിസിയുടേതാണ്. 113 ബസുകളാണ് കോർപറേഷന്‍റേതും. നഗരത്തിന് പുറത്ത് ഓടിയില്ലെങ്കിൽ കണക്റ്റിവിറ്റി കിട്ടില്ല. നേരിൽ സംസാരിച്ചപ്പോൾ മേയർക്ക് കാര്യം മനസ്സിലായി. ഉപദേശകരാണ് ഓരോന്ന് ധരിപ്പിക്കുന്നത്. മുൻപുള്ള മേയറും ഇതുപോലെ ഉപദേശകർ പറയുന്നതു കേട്ട് തന്നോട് ഇതുപോലെ വന്നു പറഞ്ഞിരുന്നു. എന്നാൽ അവർക്കൊരു ക്ലാസ്സെടുത്ത ശേഷം കാര്യങ്ങൾ ബോധ്യപ്പെട്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരൻ യദുവിനെതിരായ നടപടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രൻ അല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എട്ട് മണിക്കൂർ യാത്രയിൽ ആറര മണിക്കൂറും ഫോണിൽ സംസാരിച്ച് ബസ് ഓടിച്ചതായി ബോധ്യപ്പെട്ടു. ബസ് ഓടിക്കുന്നതിനിടെ സംസാരിച്ച് ബസ് ഓടിക്കുന്ന ഡ്രൈവറെ എങ്ങനെ തുടരാൻ അനുവദിക്കുമെന്നും മന്ത്രി ചോദിക്കുന്നു. യദു കൃഷ്ണനെ തിരിച്ചെടുത്താൽ തനിക്ക് കയ്യടി കിട്ടുമെന്ന് കരുതി തിരിച്ചെടുക്കാൻ കഴിയുമോ എന്നും മന്ത്രി ചോദിക്കുന്നു.
പത്തനാപുരത്തെ ജനങ്ങളെ തനിക്ക് വിശ്വാസമാണെന്ന് മന്ത്രി പറഞ്ഞു. തന്‍റെ മുന്നിൽ വന്ന എല്ലാവരെയും കഴിയുംപോലെ സഹായിച്ചിട്ടുണ്ട്. കാട്ടുപത്തനാപുരം എന്ന് വിളിക്കപ്പെട്ടിരുന്ന സ്ഥലത്ത് ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താൻ കഴിഞ്ഞു. സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ഏറ്റവും കുറവുള്ള പ്രദേശങ്ങളിൽ ഒന്നായി പത്തനാപുരം മാറി. ക്രമസമാധാന പ്രശ്നങ്ങൾ വളരെ കുറവുള്ള പ്രദേശമായി മാറി. തന്നോട് വ്യക്തിപരമായ ബന്ധം സൂക്ഷിക്കുന്നവരാണ് പത്തനാപുരംകാർ. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ആ വഴി വരുന്ന ഒരാളല്ല താൻ. കുഞ്ഞുങ്ങൾ പോലും വളരെ കോണ്‍ഫിഡന്‍റാണ്. അവർക്കൊരു ആവശ്യം വന്നാൽ ഗണേഷ് അങ്കിൽ ഉണ്ടാവും എന്ന വിശ്വാസം അവർക്കുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. വർഗീയതയും അഴിമതിയുമില്ലാതെ സംസ്ഥാനത്തെ 10 കൊല്ലം നയിച്ച പിണറായി വിജയൻ സർക്കാർ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam