കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകനും 26-കാരനുമായ അഭിജീത് ദീപ്കെ, പഠനം പൂർത്തിയാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിൽ

ഡൽഹി: കോക്‌റോച്ച് ജനതാ പാർട്ടി സ്ഥാപകനും 26-കാരനുമായ അഭിജീത് ദീപ്കെ, പഠനം പൂർത്തിയാക്കി സാമ്പത്തിക ഭദ്രത കൈവരിച്ച ശേഷം മാത്രമേ വിവാഹം കഴിക്കൂ എന്ന നിലപാടിൽ. കഴിഞ്ഞ രണ്ടു വർഷമായി അഭിജീത്തിന് തുടർച്ചയായി വിവാഹ ആലോചനകൾ വരുന്നുണ്ടെങ്കിലും വിവാഹം ഉടൻ ഉണ്ടാകില്ലെന്നും മാതാവ് അനിത ദിപ്കെ വ്യക്തമാക്കി. "കഴിഞ്ഞ രണ്ടു വർഷമായി അവന് വിവാഹ ആലോചനകൾ വരുന്നുണ്ട്. എന്നാൽ പഠനം പൂർത്തിയാക്കി സാമ്പത്തികമായി സ്വന്തം കാലിൽ നിന്ന ശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ, ദില്ലിയിലെ സമരത്തിന് ശേഷം വിവാഹം ആലോചിച്ച് വരുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് " അനിത ദീപ്കെ പറഞ്ഞു.

ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഭിജീത്, രോഗമുക്തി നേടുന്നതിനൊപ്പം തന്നെ വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരെയുള്ള പോലീസ് നടപടികൾക്കെതിരെയുള്ള സി.ജെ.പി.യുടെ പ്രചാരണങ്ങൾക്കും നേതൃത്വം നൽകി വരികയാണ്. വിദ്യാർത്ഥികളെ പോലീസ് ഉപദ്രവിക്കുന്നത് തുടരുകയാണെങ്കിൽ രാജ്യവ്യാപകമായി വീണ്ടും സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അഭിജീത് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. സമരക്കാർക്കെതിരായ എഫ്.ഐ.ആറുകൾ പിൻവലിക്കാമെന്ന ഉറപ്പ് കേന്ദ്ര സർക്കാർ പാലിക്കണമെന്നാണ് സി.ജെ.പി.യുടെ പ്രധാന ആവശ്യം.

മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ജന്തർ മന്തറിലെ 36 ദിവസം നീണ്ട സമരം സി.ജെ.പി പിൻവലിച്ചിരുന്നെങ്കിലും, പോലീസ് നടപടികൾ തുടരുന്നു എന്നാരോപിച്ച് പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സംഘടന.

YouTube video player