ജസ്റ്റീസ് ഇന്ദുമൽഹോത്രയുടെ പരാമർശം വസ്തുതാവിരുദ്ധം,ഒരു ക്ഷേത്രത്തിന്‍റേയും വരുമാനം സർക്കാർ കയ്യടക്കിയിട്ടില്ല

Published : Aug 29, 2022, 04:58 PM ISTUpdated : Aug 29, 2022, 05:05 PM IST
ജസ്റ്റീസ് ഇന്ദുമൽഹോത്രയുടെ പരാമർശം വസ്തുതാവിരുദ്ധം,ഒരു ക്ഷേത്രത്തിന്‍റേയും വരുമാനം സർക്കാർ  കയ്യടക്കിയിട്ടില്ല

Synopsis

 തീവ്ര ഹിന്ദുത്വ ശക്തികളുടെ പ്രചാരണം ജസ്റ്റിസിനെയും സ്വാധീനിച്ചിട്ടുണ്ടാകാം.ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സർക്കാരിനെതിരെ തിരിച്ചു വിടാനുള്ള ശ്രമമാണ് ഇന്ദു മൽഹോത്ര നടത്തിയതെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം:കമ്മ്യൂണിസ്റ്റ് സർക്കാറുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയ്യടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ടേർഡ് ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാര്‍ശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽ നിന്നും ഉടലെടുത്തതുമാണെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയൊ എല്‍.ഡി.എഫ്. ഗവണ്‍മെന്റോ ഒരു ഹിന്ദു ക്ഷേത്രവും കയ്യടക്കിയിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ പോരാട്ടങ്ങൾ നാടിന്‍റെ  ചരിത്രത്തിന്‍റെ  ഭാഗമാണ്. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരുകൾ എല്ലാ വിഭാഗത്തിന്‍റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.

അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി. ക്ഷേത്ര വരുമാനം സർക്കാറുകൾ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തിൽ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാം. ഒരു ക്ഷേത്രത്തിന്റേയും വരുമാനം സർക്കാർ ഇതുവരെ കൈയ്യടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോർഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ നല്‍കിവരാറുണ്ട്‌ എന്നതാണ് യാഥാർത്ഥ്യം.


പ്രളയവും കോവിഡും ദേവസ്വം ബോർഡുകളുടെ വരുമാനത്തിൽ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾ നടത്താനും ജീവനക്കാരുടെ ശമ്പളം നൽകാനുമായി സംസ്ഥാന സർക്കാർ ബജറ്റ് വിഹിതമായും അല്ലാതെയും വിവിധ ദേവസ്വം ബോർഡുകൾക്ക് 2018 മുതല്‍ 2022 വരെ അഞ്ചുവര്‍ഷത്തിനുള്ളില്‍ 449 കോടി രൂപയാണ് അനുവദിച്ചത് .ശബരിമല മാസ്റ്റർപ്ലാൻ പോലുള്ള ബൃഹത്തായ വികസന പദ്ധതികൾ കാര്യക്ഷമമായി നടത്താനും സുഗമമായ തീർത്ഥാടന സൗകര്യങ്ങൾ ഒരുക്കാനുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ നിലവിൽ മുൻഗണന നൽകുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടാന്‍ കഴിയുമോ എന്ന ശ്രമമാണ് റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര നടത്തിയത്. സുപ്രീംകോടതിയില്‍ ജഡ്ജി ആയിരുന്നപ്പോള്‍ ജസ്റ്റീസ് ഇന്ദുമല്‍ഹോത്രയുടെ മനസ്സ് എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന് ഇത്തരം പ്രസ്ഥാവനകളില്‍ നിന്നും വ്യക്തമാകുകയാണെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.

'ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാര്‍ ശ്രമിക്കുന്നു',വിവാദപരാമര്‍ശവുമായി ജസ്റ്റിസ് ഇന്ദു മൽഹോത്ര

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്