ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍വെച്ചാണ് ഇന്ദു മൽഹോത്രയുടെ  പരാമര്‍ശം. തന്നെ കാണാന്‍ എത്തിയവരോട് സംസാരിക്കുകയായിരുന്നു ഇന്ദു മല്‍ഹോത്ര

തിരുവനന്തപുരം: വിവാദ പരാമർശവുമായി സുപ്രിം കോടതി മുന്‍ ജഡ്ജി ഇന്ദു മൽഹോത്ര. വരുമാനം കണ്ട് ഹിന്ദു ക്ഷേത്രങ്ങളേറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുകയാണെന്നാണ് ഇന്ദു മൽഹോത്രയുടെ വിവാദ പ്രസ്താവന. താനും യു യു ലളിതും ചേർന്നാണ് നീക്കം തടഞ്ഞെതെന്നും ഇന്ദു മൽഹോത്ര പറയുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ ഇന്ദു മൽഹോത്ര, ശ്രീപത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് വെച്ച് ഒരുകൂട്ടം ഭക്തരോട് സംസാരിക്കുന്ന വീഡിയോയിലാണ് വിവാദ പരാമർശമുള്ളത്.

നിങ്ങളെക്കുറിച്ച് അഭിമാനമുണ്ടെന്ന് കൂടി നിന്നവർ പറയുന്നതും ഇന്ദുമൽഹോത്ര നന്ദി പറയുന്നതും കേൾക്കാം. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണവും സ്വത്തുക്കളുടെ അവകാശവും രാജകുടുംബത്തിന് കൂടി അവകാശപ്പെട്ടതാണെന്ന് വിധി പറ‍ഞ്ഞത് ജസ്റ്റിസ് യു യു ലളിതും ഇന്ദുമൽഹോത്രയും ചേർന്ന ബഞ്ചാണ്. ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി തള്ളിയായിരുന്നു ഇത്. 

സ്വത്തുക്കൾ കണ്ടാണ് സർക്കാർ നീക്കമെന്ന ജഡ്ജിയുടെ തന്നെ പരാമർശത്തോടെ, കേസിന്‍റെ മെറിറ്റിനെ കോടതി എങ്ങനെയാണ് കണ്ടതെന്ന സുപ്രധാന ചോദ്യമാണുയരുന്നത്. ബിജെപിയുടെ പ്രചാരണങ്ങൾക്ക് ചേർന്ന് രീതിയിലാണ് ഇന്ദു മൽഹോത്രയുടെ പരാമർശമെന്നും വിമർശനമുണ്ട്. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ ചരിത്രം കുറിച്ച ഭൂരിപക്ഷ വിധിയിൽ വിയോജിച്ച് വിധി പറഞ്ഞ ഒരേ ജഡ്ജിയും ഇന്ദു മൽഹോത്രയാണ്. 

'ആസാദ് കശ്മീർ' പരാമർശം; 'രാജ്യദ്രോഹ കേസെടുക്കണം', ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി കോടതിയില്‍

കശ്മീര്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തില്‍ മുന്‍ മന്ത്രി കെ ടി ജലീലിനെതിരായ ഹര്‍ജി നാളെ ദില്ലി റോസ് അവന്യു കോടതിയില്‍. അഭിഭാഷകന്‍ ജി എസ് മണി സമര്‍പ്പിച്ച ഹര്‍ജിയില്‍ കെ ടി ജലീലിനെതിരെ രാജ്യദ്രോഹ കേസ് എടുക്കണമെന്നാണ് ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹര്‍ജിയില്‍ ജി എസ് മണി വിശദീകരിച്ചിട്ടുണ്ട്. ഇന്ത്യ അധീന കാശ്മീർ, ആസാദ് കാശ്മീർ തുടങ്ങിയ പരാമർശങ്ങളോട് കൂടിയ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് കുരുക്കായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിരുന്നു. 

കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് കേസിൽ കെ ടി ജലീലിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നിവയാണ് വകുപ്പുകൾ. തീവ്രനിലപാടുള്ള ശക്തികളെ പ്രോത്സാഹിപ്പിക്കും വിധമുള്ള പ്രസ്താവന ഇറക്കി വികാരങ്ങളെ വ്രണപ്പെടുത്തി സ്പർദ വളർത്താൻ ശ്രമിച്ചെന്നാണ് എഫ് ഐ ആര്‍.

ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ ഭരണഘടനയെ അപമാനിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ആ‌ർഎസ്എസ് ജില്ലാ പ്രചാരക് പ്രമുഖ് അരുൺ മോഹനാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവല്ല ജുഡീഷ്യൽ മഡജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. വിശദമായ അന്വേഷണത്തിന് ശേഷമായിരിക്കും ജലീലിന്‍റെ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് പൊലീസ് കടക്കുക. അതേസമയം ജലിലിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് എ ബി വി പി നൽകിയ പരാതിയിൽ കേസെടുക്കേണ്ടന്നാണ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രൊസിക്യൂഷൻ നൽകിയ നിയമോപദേശം.