
ഇടുക്കി: ദൗത്യസംഘം എന്ന് കേൾക്കുമ്പോൾ ജെസിബിയും പൂച്ചയും ദുസ്വപ്നം കാണണ്ടെന്ന് മന്ത്രി കെ രാജൻ. റവന്യൂ വകുപ്പ് മുഖ്യമന്ത്രിയുമായി ആലോചിച്ച് എടുത്ത നടപടിയാണെന്നും മന്ത്രി വ്യക്തമാക്കി. എംഎം മണിക്ക് മറുപടിയായിട്ടായിരുന്നു മന്ത്രി കെ രാജൻ വാക്കുകൾ. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ ഉള്ള ദൗത്യ സംഘത്തോടുള്ള നിലപാട് വ്യക്തമാക്കി എം.എം മണി എംഎല്‍എ പ്രതികരിച്ചിരുന്നു. ജനങ്ങളുടെ മെക്കിട്ട് കേറാനാണ് പരിപാടിയെങ്കിൽ ചെറുക്കുമെന്നായിരുന്നു എംഎം മണി പറഞ്ഞത്. ദൗത്യ സംഘം വന്ന് പോകുന്നതിന് തങ്ങൾ എതിരല്ല. കയ്യേറ്റങ്ങൾ ഉണ്ടെങ്കിൽ പരിശോധിക്കട്ടെ. ദൗത്യസംഘം നിയമപരമായി കാര്യങ്ങൾ ചെയ്യട്ടെ. കാലങ്ങളായി നിയമപരമായി താമസിച്ചുവരുന്നവർക്ക് എതിരെ സർക്കാർ നടപടി ഒന്നും എടുക്കില്ല. രാഷ്ട്രീയ ലക്ഷ്യം വെച്ച് എന്തെങ്കിലും ചെയ്യാൻ വന്നാൽ തുരത്തുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്നും എംഎം മണി പറഞ്ഞു.
അതിനിടെ, ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലാണ് ദൗത്യ സംഘം പ്രവര്‍ത്തിക്കുക. ഇടുക്കിയിലെ പ്രാദേശിക സിപിഎം ഘടകത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെയാണ് റവന്യു വകുപ്പ് നടപടി. അനധികൃതക കയ്യേറ്റങ്ങൾക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന് പിൻപറ്റിയാണ് ഇടുക്കിയിലേക്ക് വീണ്ടും പ്രത്യക ദൗത്യസംഘം എത്തുന്നത്. കളക്ടറുടെ നേതൃത്വത്തിൽ സംഘം പ്രവര്‍ത്തിക്കും.
ഭൂരേഖ തഹസിൽദാര്‍ അടക്കം രണ്ട് തസഹിൽദാറും സംഘത്തിലുണ്ട്. ഓരോ ആഴ്ചയിലും ദൗത്യ സംഘത്തിന്‍റെ പ്രവര്‍ത്തനം റവന്യു കമ്മീഷണറേറ്റ് വിലയിരുത്തും. റവന്യു വകുപ്പ് ജോയിന്‍റ് കമ്മീഷണര്‍ ഇത് പരിശോധിച്ച് ഉറപ്പാക്കണം. ദൗത്യ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകാൻ രജിസ്ട്രേഷൻ വകുപ്പ് നൽകും. പ്രശ്നമുണ്ടായാൽ ഇടപെടാൻ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam