'ആശങ്ക വേണ്ട', വയനാട്ടിലെ ബഫർ സോൺ വിജ്ഞാപനം കേന്ദ്രം മാറ്റുമെന്ന് വനംമന്ത്രി കെ രാജു

By Web TeamFirst Published Feb 6, 2021, 7:57 PM IST
Highlights

ജനുവരി 25-ന് കേന്ദ്രസർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിൽ ജനവാസമേഖലകളായ 30 ചതുരശ്ര കിലോമീറ്റർ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നും, പുതിയ വിജ്ഞാപനം വരുമ്പോൾ ഈ മേഖലകൾ കേന്ദ്രസർക്കാർ ഒഴിവാക്കുമെന്നും വനംമന്ത്രി കെ രാജു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

തിരുവനന്തപുരം: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 30 ചതുരശ്ര കി.മീ പരിസ്ഥിതിലോലപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കരട് വിജ്ഞാപനം കേന്ദ്രം ഭേദഗതി ചെയ്യുമെന്ന് വനംമന്ത്രി കെ രാജു. കഴിഞ്ഞ വർഷം ജനുവരി 25-ന് കേന്ദ്രസർക്കാരിന് സമർപ്പിച്ച നിർദേശങ്ങളിൽ ജനവാസമേഖലകളായ 30 ചതുരശ്ര കിലോമീറ്റർ പൂർണമായും ഒഴിവാക്കിയിട്ടുണ്ടെന്നും, പുതിയ വിജ്ഞാപനം വരുമ്പോൾ ഈ മേഖലകൾ കേന്ദ്രസർക്കാർ ഒഴിവാക്കുമെന്നും വനംമന്ത്രി കെ രാജു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

വയനാട് വന്യജീവി കേന്ദ്രത്തിന്‍റെ ESZ ആദ്യം നിശ്ചയിച്ചത് 11.59 ചതുരശ്ര കി.മീ ആയിരുന്നു. അതിൽ 18.21 ചതുരശ്ര കിമീ വനമേഖലയ്ക്ക് അകത്തുള്ള വാസസ്ഥലങ്ങളും കൃഷിയിടങ്ങളുമാണ്. ഇതിൽ വനമേഖലയ്ക്ക് ചുറ്റുമുള്ള ജനവാസമേഖലകളായ 30 ചതുരശ്രകിമീ പൂർണമായും ഒഴിവാക്കി 88.21 ചതുരശ്ര കിമീ മാത്രമാണ് പുതുക്കിയ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തി ജനുവരി 25-ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ളതെന്നും, പുതുക്കിയ കരട് വിജ്ഞാപനം വരുമ്പോൾ സംരക്ഷിതമേഖലയ്ക്ക് പുറത്തുള്ള ജനവാസകേന്ദ്രങ്ങൾ പൂർണമായും ഇക്കോ സെൻസിറ്റീവ് സോണിൽ നിന്ന് ഒഴിവാകുമെന്നും വനംമന്ത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

ജനുവരി 28-നാണ് കേന്ദ്രവനംപരിസ്ഥിതിമന്ത്രാലയം പുതിയ ബഫർസോൺ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിൽ പൊതുജനങ്ങൾക്കും എതിർപ്പ് രേഖപ്പെടുത്താം. ഇതിൽ 60 ദിവസത്തെ സമയമുണ്ടെന്നും വനംമന്ത്രി പറയുന്നു. 

സംഭവിച്ചത് വനംമന്ത്രി വിശദീകരിക്കുന്നതിങ്ങനെയാണ്: സംസ്ഥാനത്ത് സംരക്ഷിതവനമേഖലയ്ക്ക് ചുറ്റുമായി 0 മുതൽ 1 കിമീ വരെ മാത്രമേ എക്കോ സെൻസിറ്റീവ് സോണുകളായി വിജ്ഞാപനം ചെയ്യപ്പെടാവൂ എന്ന് 2019-ൽ മന്ത്രിസഭായോഗം തീരുമാനിച്ചുവെന്നും, ഇത് കണക്കാക്കി വിജ്ഞാപനം കേന്ദ്രസർക്കാരിന് സമർപ്പിച്ചെന്നും വനംമന്ത്രി വ്യക്തമാക്കുന്നു. നാഷണൽ പാർക്കുകൾ ഉൾപ്പടെ 23 സംരക്ഷിതവനമേഖലകൾക്ക് ചുറ്റുമുള്ള 0-1 കിമീ വരെയുള്ള പ്രദേശങ്ങൾ എക്കോ സെൻസിറ്റീവ് സോണുകളായി നിശ്ചയിച്ച് വിജ്ഞാപനമിറക്കി, കേന്ദ്രത്തിന് ഈ കരട് വിജ്ഞാപനങ്ങൾ അയച്ചു നൽകുകയും ചെയ്തു. 

എന്നാൽ ഇതിൽ ചില ജനവാസമേഖലകൾ കൂടി ഉൾപ്പെട്ടെന്ന് ആക്ഷേപമുയർന്നപ്പോൾ കരട് വിജ്ഞാപനങ്ങൾ പുതുക്കി കഴിഞ്ഞ വർഷം ജനുവരിയിൽ കേന്ദ്രസർക്കാരിന് അയച്ചു നൽകി. എന്നാൽ ആദ്യകരടിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഇപ്പോൾ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. പുതുക്കിയ കരട് വിജ്ഞാപനങ്ങളിൽ കേന്ദ്രസർക്കാർ ചർച്ച നടത്തുകയാണെന്നും, അതനുസരിച്ച് മാത്രമേ പുതിയ കരട് വിജ്ഞാപനമിറങ്ങൂ എന്നും വനംമന്ത്രി വ്യക്തമാക്കുന്നു. 

click me!