തിരുവനന്തപുരം: ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുന്നയിച്ച് മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീൽ. അഭയ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിനെ രക്ഷിക്കാൻ ബന്ധു കൂടിയായ ജസ്റ്റിസ് സിറിയക് ജോസഫ് ശ്രമിച്ചുവെന്നും, അതിന് കൃത്യമായ തെളിവുകൾ പുറത്തുവന്നിട്ടുണ്ടെന്നുമാണ് കെ ടി ജലീൽ ആരോപിക്കുന്നത്.
നേരത്തേ തന്നെ അഭയ കേസിലെ പരാതിക്കാരൻ കൂടിയായിരുന്ന ജോമോൻ പുത്തൻ പുരയ്ക്കൽ ഈ ആരോപണമുന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് അന്നേ വഴിവച്ചതാണ്. 13 വർഷമായി ജസ്റ്റിസ് സിറിയക് ജോസഫ് ഈ വിഷയത്തിൽ തുടരുന്ന മൗനം ഇപ്പോഴെങ്കിലും വെടിയണമെന്നും, എന്താണ് ഫാ. തോമസ് കോട്ടൂരുമായി ബന്ധമെന്ന് വെളിപ്പെടുത്തണമെന്നുമാണ് കെ ടി ജലീൽ നിയമസഭയുടെ മീഡിയ റൂമിൽ നടത്തിയ വാർർത്താസമ്മേളനത്തിൽ ആവശ്യപ്പെടുന്നത്.
ഒന്നുകിൽ രാജി വയ്ക്കുക, അല്ലെങ്കിൽ തനിക്കെതിരെ നിയമനടപടിയെടുക്കുക, ഇതിലേതെങ്കിലുമൊന്ന് ചെയ്യണമെന്നും ജലീൽ ജസ്റ്റിസ് സിറിയക് ജോസഫിനെ വെല്ലുവിളിക്കുന്നു.
2008-ൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കേ, ജസ്റ്റിസ് സിറിയക് ജോസഫ് ബെംഗളുരുവിലെ നാർകോ അനാലിസിസ് ലാബിൽ എത്തിയെന്നും അദ്ദേഹവുമായി ഫാദർ കോട്ടൂരിന്‍റെ നാർകോ അനാലിസിസ് പരിശോധനയെക്കുറിച്ച് സംസാരിച്ചെന്നും ലാബിലെ അസിസ്റ്റന്‍റ് ഡോ. എസ് മാലിനി വ്യക്തമാക്കിയതായി അന്ന് സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇത് അന്ന് തന്നെ വലിയ വാർത്തയായതാണ്.
ഈ ആരോപണമാണ് കെ ടി ജലീൽ ആവർത്തിക്കുന്നത്. ഫാദർ തോമസ് കോട്ടൂരിന്‍റെ സഹോദരൻ വിവാഹം കഴിച്ചിരിക്കുന്നത് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്‍റെ ഭാര്യയുടെ സഹോദരിയെയാണ്. ഈ ബന്ധം മറച്ചുവച്ചുകൊണ്ട് സിറിയക് ജോസഫ്, 2008-ൽ ബെംഗളുരുവിലെ ഫോറൻസിക് ലാബിൽ മിന്നൽ സന്ദർശനം നടത്തി, വിവരങ്ങൾ തേടിയെന്നാണ് ആരോപണം. അന്ന് കർണാടക ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് സിറിയക് ജോസഫ്.
ഇതുമായി ബന്ധപ്പെട്ട് അന്ന് അവിടെ അസിസ്റ്റന്‍റ് ഡയറക്ടറായിരുന്ന ഡോ. എസ് മാലിനി, സിബിഐ അഡീഷണൽ എസ്പി നന്ദകുമാർ നായർക്ക് നൽകിയ മൊഴി ഇങ്ങനെ: ''കർണാടക ഹൈക്കോടതിയിലെ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് സിറിയക് ജോസഫല്ലാതെ മറ്റാരുമല്ല ബാഗ്ലൂർ എഫ്എസ്എല്ലിൽ ഞങ്ങളെ സന്ദർശിച്ചത്. കുറ്റക്കാരെന്ന് സംശയിക്കപ്പെട്ട മൂന്ന് പേർ ഉൾപ്പടെയുള്ളവരിൽ ഞാൻ നടത്തിയ നാർകോ അനാലിസിസിന്‍റെ വിവരങ്ങൾ അദ്ദേഹത്തിന് ഞാനന്ന് വിശദീകരിച്ചുകൊടുത്തിരുന്നു. ഇത് 30.06.2009-ന് ഞാൻ താങ്കൾക്ക് നൽകിയ മൊഴിയിലുണ്ട്'', എന്ന മൊഴിപ്പകർപ്പ് ജലീൽ നേരത്തേ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു.
ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ പഴയ ആരോപണം:
ഇതിന് പിന്നാലെ ആരോപണങ്ങൾ കടുപ്പിക്കുകയാണ് ജലീൽ. ഇത്രയധികം ആരോപണങ്ങൾ നേരിട്ട ന്യായാധിപനെയാണോ ലോകായുക്തയായി ഇടതുസർക്കാർ നിലനിർത്തിയിരിക്കുന്നത് എന്ന ചോദ്യത്തിന് ഒരാളെ ചൂഴ്ന്ന് നോക്കാനൊന്നും കഴിയില്ലല്ലോ എന്നായിരുന്നു ജലീലിന്‍റെ മറുപടി.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കെ ടി ജലീൽ നേരിട്ട് തന്നെ ഗുരുതരമായ, വ്യക്തിപരമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. മൂന്നര വർഷത്തിൽ സുപ്രീംകോടതിയിൽ ആറ് കേസുകൾ മാത്രം തീർപ്പാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് ലോകായുക്തയായപ്പോൾ തനിക്കെതിരായ കേസിൽ വെളിച്ചത്തെക്കാൾ വേഗത്തിൽ വിധി പുറപ്പെടുവിച്ചെന്ന് പറഞ്ഞാണ് ജലീൽ ആരോപണങ്ങൾ തുടങ്ങിയത്.
തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ചെയ്യാൻ മടിക്കാത്ത ആളെന്ന് പിന്നീട് പറഞ്ഞ കെ ടി ജലീൽ, ഐസ്ക്രീം പാർലർ കേസിൽ പി കെ കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാൻ സഹോദരഭാര്യ ജാൻസി ജെയിംസിന് വേണ്ടി ജസ്റ്റിസ് സിറിയക് ജോസഫ് വൈസ് ചാൻസലർ പദവി വില പേശി വാങ്ങിയെന്നായിരുന്നു ആരോപിച്ചത്. പി കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായി വിധി പറഞ്ഞ ഹൈക്കോടതി ഡിവിഷൻ ബഞ്ചിൽ ജസ്റ്റിസ് സിറിയക് ജോസഫുമുണ്ടായിരുന്നു. 2005 ജനുവരി 25-ന് ഐസ്ക്രീം പാർലർ കേസിൽ പുറത്ത് വന്ന വിധിയുടെ കോപ്പിയും 2004 നവംബർ 14-ന് സഹോദരഭാര്യ വിസി പദവി ഏറ്റെടുത്തതിന്‍റെയും രേഖ നാട്ടിലെ മുറുക്കാൻ കടയിൽ പോലും കിട്ടുമെന്നാണ് അന്ന് ജലീൽ പരിഹസിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam