
തിരുവനന്തപുരം: ക്യാൻസർ രോഗികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ കെ എസ് ആർ ടി സി ബസുകളിലും ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗണേഷ് കുമാർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനം എടുത്തു പ്രഖ്യാപനം നടത്തുമെന്നും മന്ത്രി വിവരിച്ചു. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു. പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തിന് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചടുത്തോളം വലിയ കാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ എസ് ആർ ടി സി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം (ഓപ്പറേറ്റിംഗ് റവന്യു) സ്വന്തമാക്കിയതിന്‍റെ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഒക്ടോബർ ആറാം തിയതിയാണ് കെ എസ് ആർ ടി സിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷനായ 9.41 കോടി രൂപ നേട്ടം സ്വന്തമായത്. 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെ എസ് ആർ ടി സി നേടിയത്. ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് തുടർച്ചയായി മികച്ച വരുമാനം നേടി മുന്നേറുന്നതിന് സഹായകരമാകുന്നതെന്ന് കെ എസ് ആർ ടി സി അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെ എസ് ആർ ടി സി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായെന്ന് കെ എസ് ആർ ടി സി വ്യക്തമാക്കി.
പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. കെ എസ് ആർ ടി സിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, സമർപ്പിതമായി പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും കെ എസ് ആർ ടി സിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ തൊഴിലാളി സംഘടനകൾ അടക്കം ഓരോരുത്തരോടും കെ എസ് ആർ ടി സിയുടെ പേരിൽ നന്ദി പറയുന്നതായി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam