
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി നാലാം ദിവസവും നിയമസഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം. ദ്വാരപാലക ശിൽപ്പങ്ങൾ കോടീശ്വരന് വിറ്റഴിച്ചവർക്കെതിരെ നടപടി സ്വീകരിക്കുംവരെ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷ നേതാവ് ഗുണ്ടാനേതാവിനെപ്പോലെ പെരുമാറുകയാണെന്ന് മന്ത്രി എംബി രാജേഷും രാജിയില്ലെന്ന് ദേവസ്വം മന്ത്രിയും പ്രതികരിച്ചു. ചോദ്യോത്തരവേള മുതൽ സ്വർണപാളി മോഷണ വിവാദത്തിലെ പ്രതിഷേധം കടുപ്പിക്കുന്ന പതിവ് കാഴ്ചയാണ് ഇന്നും സഭയിൽ കണ്ടത്. തുടക്കത്തിൽ തന്നെ നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് മന്ത്രിയും ബോർഡ് അംഗങ്ങളും രാജിവെക്കണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് സംസാരിച്ചു തുടങ്ങിയതോടെ സ്പീക്കർ ഇടപെട്ടു. തന്നെ തടസ്സപെടുത്താൻ നോക്കുന്ന സ്പീക്കർ നിഷ്പക്ഷനല്ലെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. പ്രതിപക്ഷ നേതാവാണ് സഭ നടപടി തടസ്സപ്പെടുത്തുന്നതെന്നും സ്പീക്കർ പറഞ്ഞു. ഇതോടെ ബാനറുമായി സ്പീക്കർക്ക് അടുത്തേക്ക് പ്രതിപക്ഷ അംഗങ്ങൾ നീങ്ങി. ബാനർ പിടിച്ചു വാങ്ങാൻ സ്പീക്കർ വാച്ച് ആൻറ് വാർഡിനോട് പറഞ്ഞത് സഭയിൽ പ്രതിഷേധം ശക്തമാക്കി. ബാനറുമായി പ്രതിപക്ഷം വീണ്ടും സ്പീക്കറുടെ ചെയറിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയാണ്. എന്നാൽ ചെയറിനു മുന്നിൽ ബാനർ പിടിക്കരുതെന്ന നിലപാടിലായിരുന്നു സ്പീക്കർ. പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി ഭരണപക്ഷവും എഴുന്നേറ്റു.
പാർലമെൻററി കാര്യമന്ത്രി മുദ്രാവാക്യം വിളിച്ചും സ്പീക്കറുടെ ഡയസ്സിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. എങ്കിലും ചോദ്യോത്തരവേള പൂർത്തീകരിച്ചു. ശൂന്യവേള തുടങ്ങിയതോടെ രംഗം മാറി. പ്രതിപക്ഷ അംഗങ്ങളുടെ തള്ളിക്കയറ്റത്തിൽ വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും ആയതോടെ സ്പീക്കർ സഭ നിർത്തിവെച്ചു. പിന്നീട് സഭ പുനരാരംഭിച്ചപ്പോഴും ബഹളത്തിന് ഒട്ടും കുറവുണ്ടായില്ല. ശബരിമല സ്വർണ്ണ മോഷണത്തിൽ നടപടി എടുക്കാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും തീർന്നപ്പോഴാണ് ബഹിഷ്കരണം എന്നായിരുന്നു ഭരണപക്ഷത്തു നിന്നുള്ള പരിഹാസം. രാജി എന്ന പ്രതിപക്ഷ ആവശ്യം ദേവസ്വം മന്ത്രിയും തള്ളി.