
തിരുവനന്തപുരം: സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ സ്ത്രീകളെ പ്രാപ്തമാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും ലിംഗതുല്യതയല്ല, ലിംഗനീതിയാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ ബീച്ചിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കാലഘട്ടത്തിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് കുടുംബശ്രീയെ നവീകരിക്കേണ്ടതുണ്ടെന്നും ഇതിനായി കുടുംബശ്രീ 2.0 യിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പരമ്പരാഗതമായി നടത്തുന്ന സംരംഭങ്ങള്‍ക്ക് പുറമേ, പുതിയ കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നൂതനാശയങ്ങളില്‍ അധിഷ്ഠിതമായ സംരംഭ മേഖലകളിലേക്ക് മാറാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് കഴിയണം. സ്ത്രീകളുടെ തൊഴില്‍ നൈപുണ്യ ശേഷി വര്‍ധിപ്പിച്ചു കൊണ്ട് കൂടുതല്‍ വരുമാനം നേടാന്‍ കഴിയുന്ന വിധത്തില്‍ സംരംഭകത്വ വികസനത്തിന് പ്രാധാന്യം നല്‍കുകയാണ് വേണ്ടത്. പുതുതലമുറ കുടുംബശ്രീയെ ഏറ്റെടുക്കുന്ന വിധത്തില്‍, അവരുടെ ആശയങ്ങളും ഭാഷയും മനസിലാക്കാന്‍ കഴിയുന്നതിനൊപ്പം വ്യത്യസ്തമായ തൊഴില്‍ മേഖലകളിലേക്ക് കടക്കാനുള്ള അറിവും കഴിവും ഓരോ സംരംഭകയ്ക്കും ഉണ്ടാകണം. സമൂഹത്തെ നയിക്കാന്‍ കഴിയുന്ന വ്യക്തിത്വവും ആർജ്ജവമുള്ള ഒരു കൂട്ടായ്മയായി കുടുംബശ്രീയെ മാറ്റാനാണ് സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍.
ലിംഗതുല്യതയിലൂടെ പുരുഷനൊപ്പം നില്‍ക്കുക എന്നതല്ല, സ്ത്രീയുടെ കഴിവിന്‍റെ മാനദണ്ഡത്തില്‍ പുരുഷനൊപ്പമോ അതിലും ഉയരത്തിലോ നില്‍ക്കാന്‍ സ്ത്രീക്ക് അവസരം ലഭ്യമാക്കുന്ന ലിംഗനീതിയാണ് വേണ്ടത്. നാടിന്‍റെ നന്‍മയ്ക്കായി എപ്പോഴും മുന്നില്‍ നില്‍ക്കുന്ന കുടുംബശ്രീയുടെ മനോഹരമായ ഇടപെടല്‍ ഈ ഓണക്കാലത്തും ഉണ്ടാകുമെന്നതിന്‍റെ തെളിവാണ് സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന ഓണം വിപണന മേളകള്‍. സംസ്ഥാനത്ത് സ്ത്രീശാക്തീകരണ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. ഉല്‍പന്ന പ്രദര്‍ശന വിപണന സ്റ്റാളും ഫുഡ് കോര്‍ട്ടും സന്ദര്‍ശിച്ച മന്ത്രി സംരംഭകര്‍ നല്‍കിയ മധുരവും രുചിച്ചു.
കുടുംബശ്രീ എല്ലാം കുടുംബങ്ങളുടെയും ഐശ്വരമാണെന്നും കുടുംബശ്രീയുടെ ആശയത്തെ മുറുകെ പിടിച്ച് കുടുംബശ്രീ അംഗങ്ങൾ മുന്നോട്ട് പോകണമെന്നും ജി.സുധാകരന്‍ എം.എല്‍.എ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിലും നാടിൻ്റെ വളർച്ചയിലും കുടുംബശ്രീ വലിയ പങ്കുവെച്ചിട്ടുണ്ടെന്ന് എ ഡി തോമസ് എം എൽ എ പറഞ്ഞു. ആലപ്പുഴ നഗരസഭാധ്യക്ഷ മോളി ജേക്കബ്, നഗരസഭ ആരോഗ്യ സ്ഥിര സമിതി അധ്യക്ഷന്‍ എ.എം നൗഫല്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി, ആലപ്പുഴ നഗരസഭ മുന്‍ ഉപാധ്യക്ഷന്‍ എ.എം നസീര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, കുടുംബശ്രീ സി.ഡി.എസ് അധ്യക്ഷമാരായ ഷീല മോഹന്‍, ഹെലന്‍ ഫെര്‍ണാണ്ടസ് എന്നിവർ സംസാരിച്ചു.
സംസ്ഥാനത്ത് 25 വരെയാണ് കുടുംബശ്രീ ഓണം വിപണന മേളകള്‍. സംസ്ഥാന ജില്ലാസി.ഡി.എസ്തലത്തിലായി ആകെ രണ്ടായിരത്തിലേറെ മേളകള്‍ സംഘടിപ്പിക്കും. ഇതില്‍ അമ്പതിനായിരത്തോളം വനിതാസംരംഭകരും പങ്കെടുക്കും. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപുലമായ വിപണിയും സംരംഭകര്‍ക്ക് ഉയര്‍ന്ന വരുമാനവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാനമൊട്ടാകെ സി.ഡി.എസുകള്‍ വഴി ഓണ സദ്യ, ഓണക്കിറ്റ് വിപണനം എന്നിവ പുരോഗമിക്കുകയാണ്. കുടുംബശ്രീ പോക്കറ്റ്മാര്‍ട്ട് ആപ്ളിക്കേഷന്‍ വഴിയും ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനായി വാങ്ങാം. മുന്നൂറിലേറെ ഉല്‍പന്നങ്ങള്‍ ഇതിലൂടെ ലഭിക്കും. ആഗസ്റ്റ് 25 വരെ സംഘടിപ്പിക്കുന്ന കുടുംബശ്രീ സംരംഭകരുടെ ഉൽപന്ന പ്രദർശന വിപണന മേളയോടൊപ്പം ഭക്ഷ്യമേള , പായസം മേള, വിവിധ കലാ പരിപാടികൾ എന്നിവയും അരങ്ങേറും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam