മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികൾക്കുമായി 24 ഹൈബ്രിഡ് ഇന്നോവ കാറുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. 9 കോടി 60 ലക്ഷം രൂപ ചിലവഴിച്ചാണ് വാഹനങ്ങൾ വാങ്ങുന്നത്.

തിരുവനന്തപുരം: മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും സംസ്ഥാന അതിഥികള്‍ക്കുമായി 24 ഇന്നോവ കാറുകള്‍ വാങ്ങാൻ സർക്കാർ. മന്ത്രിമാർ ഉപയോഗിക്കുന്ന കാറുകള്‍ക്കെല്ലാം കാലപ്പഴക്കം ചെന്നതു കൊണ്ട് ഹൈബ്രിഡ് ഇന്നോവ കാറുകള്‍ വാങ്ങാൻ തീരുമാനിച്ചതെന്നാണ് സർക്കാർ ഉത്തരവ്. പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ധൂർത്താണെന്ന സന്ദേശമാകുമെന്ന പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി വിഡി സതീശനാണ് 9 കോടി 60 ലക്ഷം ചെലവാക്കി പുതിയ കാറുകള്‍ വാങ്ങാൻ അനുമതി നൽകിയത്.

പിണറായിക്കാലത്തെ ആഢംബരങ്ങളെ വിമ‍ശിച്ചിരുന്ന പ്രതിപക്ഷ നേതാവ്- മുഖ്യമന്ത്രി കസേരയിലേക്കെത്തിയ ആദ്യദിവസങ്ങളിൽ നടത്തിയ ഈ പ്രതികരണത്തിന് വലിയ കയ്യടിയും വാങ്ങി. ഓടിത്തള‍‍ർന്ന വാഹനങ്ങളുടെ അവസ്ഥ അന്ന് തന്നെ മന്ത്രിസഭാംഗങ്ങളിൽ മുറുമുറുപ്പുണ്ടാക്കിയിരുന്നു. മാസം ആറ് കഴിയും മുൻപെ പറഞ്ഞ നിലപാട് പാടെ വിഴുങ്ങേണ്ടി വന്നു വിഡി സതീശന്. മുഖ്യമന്ത്രിയുടെ ഒന്നാം നമ്പ‍‍ർ കാറടക്കം മാറ്റി മന്ത്രി സഭയിലെ എല്ലാ അംഗങ്ങള്‍ക്കും ചീഫ് സെക്രട്ടറിക്കുമായി 22 കാറുകള്‍ വാങ്ങുകയാണ്. കേരളത്തിലേക്കെത്തുന്ന അതിഥികള്‍ക്കായി 2 കാറുകള്‍ വേറെയും. ഇന്നോവ ഹൈക്രോസ് സ്ട്രോങ്ങ് ഹൈബ്രിഡ് കാറുകളാണ് വാങ്ങുന്നത്. പുതിയ കാറുകള്‍ വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ ചില മന്ത്രിമാർ സ്വകാര്യ വാഹനത്തിൽ സർക്കാർ ബോർഡ് വച്ച് ഓടിയത് തുടക്കത്തിലേ കല്ലുകടിയായിരുന്നു. മന്ത്രി കെഎം ഷാജിക്ക് പിന്നാലെ കൂടുതൽ മന്ത്രിമാർ സ്വകാര്യ വാഹനത്തിലേക്ക് മാറി. കാറുവാങ്ങൽ ആഢംബരമല്ലെന്നും സുരക്ഷിത യാത്രക്കുവേണ്ടിയാണെന്നുമായിരുന്നു മുൻ സ‍ർക്കാരിൻെറ നിലപാട്.