
അട്ടപ്പാടി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍(infant death) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ന് പ്രത്യേക മന്ത്രിതല യോഗം (minister level meeting)ചേരും. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മന്ത്രിമാർ യോഗം ചേരുന്നത്. പിന്നോക്ക വികസന മന്ത്രി കെ.രാധാകൃഷ്ണനാണ് യോഗം വിളിച്ചത്. എക്സൈസ് , ആരോഗ്യം, തദ്ദേശം, ഭക്ഷ്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. അട്ടപ്പാടിയിലെ വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യാനും മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് യോഗം ചേരുന്നത്.
കോട്ടത്തറ ആശുപത്രിയുടെ നവീകരണം ഉൾപ്പെടെ ചർച്ച ചെയ്യും. പട്ടിക വർഗ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അട്ടപ്പാടിയിൽ നേരിട്ട് നിയോഗിക്കാനാണ് പിന്നോക്ക വികസന വകുപ്പിൻെറ തീരുമാനം. ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥനെ അട്ടപ്പാടിയിലെ നോഡൽ ഓഫീസറാക്കാനും ആലോചനയുണ്ട്
ആദിവാസികളുടെ ഏക ആശ്രയമായ കോട്ടാത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ വെന്‍റിലേറ്റര്‍ സൗകര്യമുളള ആംബുലന്‍സില്ല.
ഡോക്ടര്‍മാര്‍ അടക്കമുളള ജീവനക്കാരുടെ കാര്യത്തിലും നവജാത ശിശുക്കള്‍ക്കുളള വെന്‍റിലേറ്റര്‍ പോലുളള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും സിടി സ്കാന്‍ അടക്കമുളള ഉപകരണങ്ങള്‍ സ്ഥാപിക്കാനുളള വൈദ്യുതി കണക്ഷന്‍റെ കാര്യത്തില്‍ പോലും ഇവിടെ പ്രതിസന്ധി തുടരുന്നു.
മാസം 60 പ്രസവങ്ങള്‍ നടക്കുന്ന ഈ ആശുപത്രിയില്‍ നവജാത ശിശു ഡോക്ടര്‍ ഇല്ല, പീഡിയാട്രിക് ഐസിയുവോ വെന്‍റിലേറ്ററോ ഇല്ല. അഞ്ഞൂറിലേറെ രോഗികള്‍ നിത്യേനെ ഒപിയിലെത്തുമ്പോഴും ഹൃദ്രോഗ വിദഗ്ധനോ കാത് ലാബോ ഇല്ല. 54 ബെഡുകള്‍ മാത്രമുളള ഇവിടെ നൂറിലേറെ പേര്‍ക്കാണ് കിടത്തിച്ചികില്‍സ നല്‍കേണ്ടി വരുന്നത്. കിടക്കകളുടെ എണ്ണം 100 ആയി ഉയര്‍ത്തുമെന്ന് 2017ല്‍ കെകെ ശൈലജ നടത്തിയ പ്രഖ്യാപനമാകട്ടെ അട്ടപ്പാടിക്കാര്‍ക്കിന്ന് ക്രൂരമായൊരു തമാശ മാത്രം. ചുരുക്കത്തില്‍ അവശനിലയിലെത്തുന്ന ഒരു രോഗിക്ക് പ്രഥമ ശുശ്രൂഷ മാത്രം നല്‍കാന്‍ കഴിയുന്ന ഈ ആതുരാലയത്തിനാണ് അട്ടപ്പാടിയിലെ ആരോഗ്യപരിപാലനത്തിന്‍റെ മുഖ്യ ചുമതല.
ഇത്രമാത്രം പ്രധാനപ്പെട്ട ആശുപത്രിയായിട്ടും കോട്ടത്തറ ആശുപത്രിയില്‍ ലോടെന്‍ഷന്‍ വൈദ്യുതി കണക്ഷന്‍ മാത്രമാണുളളത്. ഹൈടെന്‍ഷന്‍ കണക്ഷനിലേക്ക് മാറിയെങ്കില്‍ മാത്രമെ സിടി സ്കാന്‍ അടക്കമുളള ഉപകരണങ്ങള്‍ സ്ഥാപിക്കാനുമാകൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam