പാർട്ടിയുടെ ചില നയങ്ങളോട് ഉണ്ടായിരുന്ന എതിർപ്പു മൂലം എൻ.സി.പി സംസ്ഥാന നേതൃത്വവുമായി ദീർഘകാലമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ചിച്ചതാണ് പാർട്ടി വിടാൻ കാരണമായതെന്ന് നേതാക്കൾ പ്രതികരിക്കുന്നത്.
തിരുവനന്തപുരം: പാർട്ടി നയങ്ങളിൽ പ്രതിഷേധിച്ച് എൻസിപി നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസിൽ ചേരുമെന്ന് മുൻ ജില്ലാ പ്രസിഡന്റ് ആട്ടുകാൽ അജി.ആട്ടുകാൽ അജിയുടെ നേതൃത്വത്തിൽ ആയിരത്തോളം പ്രവർത്തകർ കേരള കോൺഗ്രസ് (എം)ൽ ലയിക്കുമെന്നാണ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡന്റ് വിശദമാക്കുന്നത്. സംസ്ഥാന സെക്രട്ടറി ബിന്ദു രവീന്ദ്രൻ ,സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ ,ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, വിവിധ പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയ നേതാക്കളും ആയിരത്തിലധികം പ്രവർത്തകരും പാർട്ടിയിൽ നിന്ന് രാജി വെച്ചു. പാർട്ടിയുടെ ചില നയങ്ങളോട് ഉണ്ടായിരുന്ന എതിർപ്പു മൂലം എൻ.സി.പി സംസ്ഥാന നേതൃത്വവുമായി ദീർഘകാലമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ചിച്ചതാണ് പാർട്ടി വിടാൻ കാരണമായതെന്ന് നേതാക്കൾ പ്രതികരിക്കുന്നത്.
രാജിവെച്ച നേതാക്കളും പ്രവർത്തകരും ജോസ് .കെ .മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് (എം) പാർട്ടിയിൽ ഉപാധികളില്ലാതെ അംഗത്വമെടുത്തു പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് പ്രവർത്തകർ വിശദമാക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള എൻ.സി.പി(എസ്) നേതാക്കളും പ്രവർത്തകരും വരും ദിവസങ്ങളിൽ കേരള കോൺഗ്രസ് (എം) ൽ ചേരും. ഇതിന്റെ ഭാഗമായി മാർച്ച് 18 ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ എൻ.സി.പി.. (എസ്) വിട്ടെത്തിയ നേതാക്കളും പ്രവർത്തകരും ഔപചാരികമായി കേരള കോൺഗ്രസ് (എം) യുടെ അംഗത്വം സ്വീകരിക്കും. സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ, നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ .ജയരാജ്, പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്. എം.എൽ. എ, എം.എൽ.എ മാരായ പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, ഉന്നതാധികാര സമിതി അംഗം ജേക്കബ് ജോർജ് അരികുപുറം, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സി. ആർ. സുനു, എസ്. എസ്. മനോജ്, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എച് ഹാഫീസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും .


