
തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സാംബശിവറാവുവിനെ മാറ്റിയ നടപടിയിൽ പ്രതികരവുമായി മന്ത്രി എം. ലിജു. കഴിഞ്ഞ ദിവസം 35 ഓളം ഉദ്യോഗസ്ഥന്മാർ മാറിയെന്നും ഉദ്യോഗസ്ഥർ മാറുന്നത് ആദ്യത്തെ സംഭവമല്ലെന്നും എം ലിജു പറഞ്ഞു. ഇന്ന് 36 -ാമത്തെ ആൾമാറി എന്നേയുള്ളൂ. എല്ലാം നേരത്തെ വിശദീകരിച്ചതാണ്. സർക്കാരിൻ്റെ നയം വ്യക്തമാണ്. എൽഡിഎഫ് കാലത്തെന്ന് പറഞ്ഞത് FL 3 യുടെ കാര്യമാണെന്നും FL 7 ൻ്റെ കാര്യത്തിൽ താൻ അങ്ങനെ ഒരു പരാമർശം നടത്തിയിട്ടില്ലെന്നും എം. ലിജു പറഞ്ഞു.
വർഷങ്ങളായി അടഞ്ഞു കിടക്കുന്ന ഒരു ബാർ വൈൻ പാർലറായി പ്രവർത്തിക്കുന്നു. അത് ഒരു അപേക്ഷ കൊടുത്താൽ ബാറായി മാറുന്നു. അത് ശരിയല്ല. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്നും ലിജു പറഞ്ഞു. ബാർ ലൈസൻസ് അനുമതി വിവാദത്തിനിടെയാണ് എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ മാറ്റിയത്. എക്സൈസ് മന്ത്രി അറിയാതെ ബാറുകൾക്ക് ലൈസൻസ് നൽകിയതും ഉദ്യോഗസ്ഥരെ ന്യായീകരിച്ചതുമാണ് മാറ്റത്തിൻറെ കാരണം. എന്നാൽ റാവുവിൻറേത് സ്വാഭാവിക മാറ്റമെന്നാണ് എം ലിജുവിൻറെ വിശദീകരണം.
ബേക്കറി വഴി വൈൻ വില്പനക്ക് അനുമതി, 3 ബിയർ പാർലറുകൾ ബാറുകളാക്കി മാറ്റാൻ അനുമതി, ഏറ്റവും ഒടുവിൽ സിയാൽ ലോഞ്ചിൽ രണ്ടു പുതിയ ബാറുകൾക്കും അനുമതി. ഒന്നും എക്സൈസ് മന്ത്രി അറിഞ്ഞില്ല. പുതിയ മദ്യനയം വരുന്നത് വരെ പുതിയ ബാറുകൾക്ക് അനുമതി നൽകരുതെന്ന മന്ത്രിയുടെ നിർദ്ദേശവും നിരന്തരം മറികടന്നു. തീർന്നില്ല. ബിയർ പാർലറുകൾ ബാറുകളാക്കി മാറ്റാൻ അനുമതി നൽകിയതിൻറെ പേരിൽ സസ്പെൻഡ് രണ്ട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരേയും സാംബശിവ റാവു ന്യായീകരിച്ചു. മന്ത്രിയും സർക്കാറും തുടർച്ചയായി വെട്ടിലായതോടെയാണ് റാവു തെറിക്കുന്നത്. ഒന്നും അറിയാത്ത മന്ത്രിയെന്ന് ലിജുവിനെ പ്രതിപക്ഷം പരിഹസിച്ചിരുന്നു. എം ലിജുവിൻറെ അതൃപ്തി തന്നെയാണ് മാറ്റത്തിൻരെ കാരണം. പക്ഷെ മന്ത്രി പുറത്ത് സമ്മതിക്കുന്നില്ല.
റാവുവിന് പകരം അഡീഷണൽ എക്സൈസ് കമ്മീഷണർ എൻഫോഴ്സ് മെൻറിനാണ് താൽക്കാലിക ചുമതല. നിലവിലുള്ള മദ്യനയം പ്രകാരം ബാറുകൾക്ക് അനുമതി അപേക്ഷ വന്നാൽ നിരസിക്കാൻ ആകില്ലെന്ന നിലപാടിലായിരുന്നു റാവു. റാവുവിനെ പിന്തുണച്ച് സർക്കാറിനെതിരായ പഴി തുടരുകയാണ് പ്രതിപക്ഷം. ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തെങ്കിലും അനുവദിച്ച ലൈസൻസ് ഇതുവരെ റദ്ദാക്കിയിട്ടില്ല. ചട്ട പ്രകാരം അതിന് കഴിയാത്ത പ്രശ്നമാണ്. പുതിയ മദ്യനയം ഈ മാസം 30ന് മുമ്പ് വരാം. മുതിർന്നൊരു ഐഎഎസ് ഉദ്യോഗസ്ഥനെ എക്സൈസ് കമ്മീഷണറായി നിയമിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam