
പാലക്കാട്: എലപ്പുള്ളിയിൽ ബ്രൂവറി വരുന്നത് പഞ്ചായത്ത് അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് മന്ത്രി എം.ബി രാജേഷ്. ബ്രൂവറി സംബന്ധിച്ച് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ വിളിച്ച യോഗത്തില്‍ എലപ്പുള്ളി പഞ്ചായത്ത് പരാതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിയുടെ വാദം തള്ളിയ എലപ്പുള്ളി പഞ്ചായത്ത് പ്രസിഡൻറ് രേവതി കെ ബാബു, സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു.
യുഡിഎഫ് ഭരിക്കുന്ന എലപ്പുള്ളി പഞ്ചായത്തിന് പദ്ധതിയെ കുറിച്ച് നേരത്തെ അറിയാമെന്നാണ് മന്ത്രിയുടെ വാദം. ഈ ബ്രൂവറിയുമായി ബന്ധപ്പെട്ട് 2024 ഫെബ്രുവരി 26 ന് സംസ്ഥാന വ്യവസായ വികസന കോർപറേഷൻ വിളിച്ച ഓൺലൈൻ യോഗത്തിൽ വിശദമായി ചർച്ച നടത്തിയിരുന്നെന്നും അന്ന് പഞ്ചായത്തിന് പരാതികളില്ലെന്ന് സെക്രട്ടറി പറഞ്ഞതായുള്ള രേഖകളും മന്ത്രി പുറത്തുവിട്ടു. അതിനാൽ തന്നെ പഞ്ചായത്ത് പ്രസിഡൻ്റിന് പദ്ധതിയെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും മന്ത്രി പറയുന്നു.
എന്നാൽ മദ്യനിർമ്മാണ പ്ലാൻ്റ് അനുവദിച്ചതിൽ പ്രതിരോധത്തിലായ സർക്കാർ കുറ്റം പഞ്ചായത്തിൻ്റെ തലയിലിട്ട് രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റായ രേവതി ആരോപിക്കുന്നു. വ്യവസായ വികസന കോർപറേഷൻ വിളിച്ച യോഗത്തിൽ താനും സെക്രട്ടറിയും പങ്കെടുത്തില്ലെന്നും പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയാണ് പങ്കെടുത്തതെന്നും രേവതി പറഞ്ഞു. ഈയടുത്ത് മാത്രമാണ് ഇങ്ങനെയൊരു യോഗം നടന്ന കാര്യം പഞ്ചായത്ത് ഭരണ സമിതി അറിഞ്ഞതെന്നുമാണ് രേവതി കെ ബാബുവിൻ്റെ വിശദീകരണം. ഇതിനിടെ വ്യവസായ വികസന കോ൪പറേഷൻറെ കത്ത് കോൺഗ്രസിൻറെ കള്ളക്കളിയാണ് പുറത്തുകൊണ്ടുവന്നതെന്ന ആരോപണവുമായി ബിജെപിയും രംഗത്തെത്തി.