
തിരുവനന്തപുരം : വൃത്തിയുടെ കാര്യത്തിൽ തിരുവനന്തപുരം നഗരസഭയെ വാനോളം പുകഴ്ത്തി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇത്രയും വൃത്തിയുള്ള ഭക്ഷണപ്പുര ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്ന് പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞതായും എം ബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
'കലാകിരീടം തൃശൂരിനാണെങ്കിലും, വൃത്തിയുടെ ചാമ്പ്യൻമാർ തിരുവനന്തപുരം കോർപറേഷനാണ്.. ഈ ഇനത്തിൽ എ ഗ്രേഡല്ല, എ പ്ലസ് ഗ്രേഡ് ആതിഥേയരായ തലസ്ഥാന നഗരി അർഹിക്കുന്നുണ്ട്.
ഇത്രയും വൃത്തിയുള്ള ഭക്ഷണപ്പുര ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്നായിരുന്നു പഴയിടം മോഹനൻ നമ്പൂതിരി എന്നോട് പറഞ്ഞത്. മാലിന്യം അതാത് സമയത്ത് തന്നെ മാതൃകാപരമായി നീക്കം ചെയ്ത, ശുചിത്വം ഉറപ്പാക്കിയ ഇടപെടലിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. പുത്തരിക്കണ്ടത്ത് ശുചീകരണത്തൊഴിലാളികളെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിക്കാൻ പോയപ്പോഴായിരുന്നു പഴയിടത്തിന്റെ ഈ സാക്ഷ്യപ്പെടുത്തൽ.
23.15 ടൺ ജൈവമാലിന്യം
4.87 ടൺ അജൈവമാലിന്യം
96.6 കിലോ സാനിറ്ററി മാലിന്യം
3.68 ലക്ഷം ലിറ്റർ ദ്രവമാലിന്യം
ഇന്നലെ വൈകിട്ട് വരെ കോർപറേഷൻ നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിച്ച മാലിന്യത്തിന്റെ അളവാണിത്. വലിച്ചെറിയൽ ഏതാണ്ട് പൂർണമായും ഒഴിവായ ക്ലീൻ-ഗ്രീൻ കലോത്സവം കൂടിയായാണ് തിരുവനന്തപുരത്തെ കലോത്സവം ചരിത്രത്തിൽ ഇടംപിടിക്കുക. കലോത്സവത്തെ വൃത്തിയുടെ ഉത്സവമാക്കി മാറ്റാൻ കോർപറേഷന് കഴിഞ്ഞു. കലോത്സവങ്ങൾ മാത്രമല്ല, പൊതുപരിപാടികളാകെ എങ്ങനെ നടത്തണമെന്ന് കേരളത്തിന് മുന്നിൽ പുതിയ മാതൃക സമ്മാനിച്ച തിരുവനന്തപുരം കോർപറേഷനെ ഹൃദയപൂർവം അഭിനന്ദിക്കുന്നു. കലോത്സവ വേദിയും വഴികളും താമസസ്ഥലവുമെല്ലാം പൂർണമായും ശുചിത്വത്തോടെ സൂക്ഷിക്കാൻ കോർപറേഷന് കഴിഞ്ഞു. പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകിയ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെയും ജീവനക്കാരെയും ശുചീകരണ തൊഴിലാളികളെയും ഹരിതകർമ്മ സേനാംഗങ്ങളെയും പ്രത്യേകം അഭിനന്ദിക്കുന്നു. കലോത്സവത്തിൽ ശുചിത്വവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ക്രമീകരണങ്ങളോട് വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൊതുജനങ്ങളും പൂർണമായി സഹകരിച്ചു. മാലിന്യം വലിച്ചെറിയുന്നതിന് എതിരായ പ്രചരണത്തിൽ ശുചിത്വമിഷനും, മാലിന്യനീക്കത്തിന് ആവശ്യമായ നടപടികൾ സ്വീകരിച്ച് ക്ലീൻ കേരളാ കമ്പനിയും സജീവമായി കലോത്സവത്തിൽ ഉണ്ടായിരുന്നു.
ഒരിക്കൽക്കൂടി ആശംസകൾ.'
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam