
തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം എം മണി. ഒഴിവാക്കലിന്റെ പരമ്പര അവര്‍ തുടർന്നു കൊണ്ടേയിരിക്കുന്നു. മഹാത്മാവിനെ ഒഴിവാക്കിയത് ജീവനെടുത്താണ്. കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കിയതിന്റെ കാരണം തേടി പാഴൂർപടി വരെ പോകേണ്ട കാര്യമില്ലെന്ന് എം എം മണി തുറന്നടിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കേന്ദ്രത്തിനെതിരെ മന്ത്രിയുടെ വിമര്‍ശനം.
കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് മന്ത്രി എകെ ബാലനും നേരത്തെ രംഗത്തെത്തിയിരുന്നു. കേരളം എന്ന് കേട്ടാൽ ഭ്രാന്ത് ആകുന്ന അവസ്‌ഥയാണ് കേന്ദ്രത്തിനെന്നായിരുന്നു എകെ ബാലന്‍റെ വിമര്‍ശനം. കേരളത്തിന്റേത് അതിമനോഹരമായ ഫ്ലോട്ട് ആയിരുന്നുവെന്നും എന്തിനാണ് വെറുപ്പ് എന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
"കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കിയത് സംബന്ധിച്ച് ഔദ്യോഗികമായി അറിയിപ്പ് ഒന്നും കിട്ടിയിട്ടില്ല. കിട്ടിയാലും ഇല്ലേലും ഒരു അത്ഭുതവും ഇല്ല. എന്തിനാണ് എതിർക്കുന്നത് എന്ന് മനസിലാകുന്നില്ല. രാഷ്ട്രീയ ഇടപെടൽ ഇല്ലാതെ കേരളത്തിന്റെ ഫ്ലോട്ട് ഒഴിവാക്കാൻ പറ്റില്ല."
"പദ്മ പുരസ്‌കാരങ്ങൾക്ക് കേരളം നൽകുന്ന പട്ടികയും പരിശോധിക്കുന്നില്ല. കേരളത്തിന്റെ പട്ടിക ചവറ്റുകുട്ടയിൽ ഇടുകയാണ് ചെയ്യുന്നത്. കേരളത്തിന്റെയും ബംഗാളിന്റെയും മഹാരാഷ്ട്രയുടെയും ഫ്ലോട്ടുകൾ ഒഴിവാക്കിയത് പ്രത്യേക രാഷ്ട്രീയ ഉദ്ദേശത്തോടെ. ഫെഡറിലസത്തിന് എതിരായ ആക്രമണമാണിത്. ഇതുകൊണ്ട് ബിജെപിക്ക് ഒരു ഗുണവും കേരളത്തിൽ കിട്ടില്ല," എകെ ബാലന്‍ കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam