
തിരുവനന്തപുരം : സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ റീൽസ് തുടരുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സോഷ്യൽ മീഡിയ ഉപയോഗിക്കണമെന്നത് തീരുമാനമാണ്. എത്ര വിമർശനങ്ങളുണ്ടായാലും അത് തുടരുമെന്നും വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മാർഗമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞ് താഴ്ന്ന സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ദേശീയപാത പ്രവർത്തിയുടെ ഉത്തരവാദിത്തം നാഷണൽ ഹൈവേ അതോരിറ്റിക്കാണെന്നാണ് മന്ത്രിയുടെ വിശദീകരണം. പ്രവർത്തിയുടെ ഗുണനിലവാരം പരിശോധിക്കേണ്ടത് നാഷണൽ ഹൈവേ അതോരിറ്റിയാണ്. സംസ്ഥാനം 1190 ഹെക്ടർ ഭൂമി ഏറ്റെടുത്ത് നൽകി. കേന്ദ്രത്തിന്റെ ഓദര്യം അല്ല, സംസ്ഥാനത്തിന്റ നികുതി പണം കൂടിയാണ് റോഡിന് വേണ്ടി ചെലവഴിച്ചത്. സംസ്ഥാന സർക്കാരിന് കാൽ അണ മുതൽ മുടക്കില്ലെന്ന നിലയിൽ പ്രചരണം നടക്കുന്നു. ഇത് തെറ്റാണ്. 5560 കോടി ആണ് കേരളം ചെലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാതയിലൂണ്ടായ വിള്ളലില്‍ സംസ്ഥാനത്തിന് ഉത്തരവാദിത്തമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം. സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കുക മാത്രമാണ് ചെയ്തതെന്നും നിര്‍മാണത്തിന്‍റെ പൂര്‍ണ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് ആണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. കുറ്റപ്പെടുത്താന്‍ വാസനയുള്ളവര്‍ കിട്ടിയ അവസരം ഉപയോഗിക്കുന്നു. വീഴ്ചയില്‍ നടപടി സ്വീകരിക്കേണ്ടത് ദേശീയപാത അതോറിറ്റിയാണെന്നും മുഖ്യമന്ത്രി പറയുന്നു.
അതേസമയം, നിര്‍മാണ നിലവാരം ഇല്ലെന്ന് കണ്ടെത്തിയതോടെ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആരുമില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പരിഹാസം.
ദേശീയപാത നിർമ്മാണ വീഴ്ചയിൽ നടപടി തുടങ്ങി കേന്ദ്രം
കേരളത്തിലെ ദേശീയപാത നിർമ്മാണ വീഴ്ചയിൽ കേന്ദ്രം നടപടി തുടങ്ങി. മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു തകർന്നതിൽ നിർമ്മാണ കരാർ കിട്ടിയ കെഎൻആർ കൺസ്ട്രക്ഷൻസ്, കൺസൾട്ടൻറായ ഹൈവേ എഞ്ചിനീയറിംഗ് എന്നീ കമ്പനികളെ പുതിയ ടെണ്ടറുകൾ നൽകുന്നതിൽ നിന്ന് വിലക്കി.