
കോഴിക്കോട്: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തെ എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പരസ്യ ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലങ്ങളില്‍ വ്യാപകമായ കയ്യേറ്റമാണ് നടക്കുന്നതെന്നും നടപടികള്‍ തുടങ്ങുന്നതോടെ പിഡബ്ലൂഡിയുടെ സ്ഥലം കയ്യേറിയുള്ള കെട്ടിടങ്ങളും പൊളിച്ചുമാറ്റേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിന്‍റെ ഫോണ്‍ ഇന്‍ പരിപാടിയില്‍ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രി കയ്യേറ്റ വിഷയത്തില്‍ ഇടപെട്ടത്. ദേശീയപാതയരികിലും പൊതുമരാമത്ത് വകുപ്പിന്‍റെ മറ്റ് സ്ഥലങ്ങളിലും വ്യാപകമായ കയ്യേറ്റം നടക്കുന്നതായി മന്ത്രി പറഞ്ഞു. നിയമലംഘനം നടത്തിയതിനാല്‍ പൊലീസും എക്സൈസും മറ്റും പിടികൂടുന്ന വാഹനങ്ങള്‍ റോഡരികില്‍ പിഡബ്ലൂഡിയുടെ സ്ഥലം കയ്യേറി നിര്‍ത്തിയിടുന്നുണ്ട്. ഇത് ഒഴിപ്പിക്കാനാണ് ഇപ്പോള്‍ നടപടി തുടങ്ങിയത്.
സംസ്ഥാനത്ത് പിഡബ്ലിയുഡിയുടെസ്ഥനത്തെ കയ്യേറ്റങ്ങളെ കുറിച്ച് മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ മാസം 20 ന് റിപ്പോര്‍ട്ട് ലഭിക്കും. തുടര്‍ന്ന് എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കും. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്‍റെ ആദ്യ നടപടിയായി കോഴിക്കോട് നല്ലളത്ത് ദേശീയപാതയരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ നീക്കം ചെയ്തു. 42 വാഹനങ്ങളാണ് നീക്കം ചെയ്തത്. തുറമുഖ വകുപ്പിന്‍റെ സ്ഥലത്തേക്കാണ് തല്‍ക്കാലികമായി ഈ വാഹനങ്ങള്‍ മാറ്റിയത്. നിയമലംഘനത്തിന്‍ പൊലീസ് പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ നിയമ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷം ലേലം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam