കൊച്ചി: സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാനിരക്ക് കുറച്ചതിനെതിരെ ലാബുടമകൾ നൽകിയ ഹർജിയിൽ വിധി തിങ്കളാഴ്ച. നിരക്ക് കുറച്ചത് കൂടിയാലോചന നടത്താതെയെന്ന് ലാബുടമകൾ കോടതിയിൽ പറഞ്ഞു. ഐസിഎംആറിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകൾ ഇറക്കുന്നതെന്ന് കേന്ദ്രസർക്കാരും കോടതിയെ അറിയിച്ചു. നിരക്ക് നിശ്ചയിക്കാനുള്ള അധികാരം അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പിന് മാത്രമല്ലേ എന്നും കോടതി ചോദിച്ചു.
ഏപ്രിൽ മുപ്പതിനാണ് സർക്കാർ നിരക്ക് കുറച്ച് ഉത്തരവിറക്കിയത്. എന്നാൽ ആർടിപിസിആർ നിരക്ക് അടക്കം ഡ്രഗ്സ് കൺട്രോൾ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാൻ അധികാരമെന്നും ലാബുടമകൾ ഹൈക്കോടതിയിൽ വാദിക്കുന്നു.
പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ അടച്ചുപൂട്ടലിന്‍റെ വക്കിലാണെന്ന് നേരത്തേ ലാബ് ഉടമകൾ വാദിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ കുറഞ്ഞ നിരക്കിൽ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം.
സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സ നിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട് ആശുപത്രി ഉടമകൾ നൽകിയ മറ്റൊരു ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കാനിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam